2014 ഓഗസ്റ്റ് 3, ഞായറാഴ്‌ച


ദേവദാരുവിന്നരികത്ത്‌.....38

സേതുലക്ഷ്മിയുടെ മരണാനന്തരച്ചടങ്ങുകള്‍ക്ക് ദേവുവിനും അമറിനും വെറും നോക്കുകുത്തികളെപ്പോലെ ഇരിക്കാനേ കഴിഞ്ഞുള്ളു. അതിനപ്പുറം അവര്‍ക്ക് ഒരു സ്ഥാനം നല്‍കാന്‍ അവിടെ ആരും ഒരുക്കമായിരുന്നില്ല. പലപ്പോഴും അമര്‍ സലീമിന്‍റെ കരവലയത്തില്‍ ഒരു കൊച്ചുകുഞ്ഞിന്‍റെ അനുസരണയോടെ നിന്നു. ഈ ദിനങ്ങളില്‍ പലതരത്തില്‍ സത്യരാജ് പ്രലോഭിപ്പിച്ചുവെങ്കിലും അമര്‍ ഒന്നിലും വീഴാതെ അഞ്ചു ദിവസം കഴിച്ചുകൂട്ടി. ദിവസം അഞ്ച് കഴിഞ്ഞതോടെ ദേവുവിനോടുള്ള അവഗണന സഹിക്കവയ്യാഞ്ഞ് വിജയമ്മ പ്രതികരിക്കുക തന്നെ ചെയ്തു. വിജയമ്മയുടെ പ്രതികരണത്തിന് പുല്ലുവിലപോലും രാജേശ്വരിയും സത്യദാസും കല്‍പ്പിച്ചിരുന്നില്ല. ഒടുവില്‍ ദേവുവിനെയും അമറിനെയും നോക്കി വിജയമ്മ പറഞ്ഞു.

"മോളെ... ദേവൂ ഇനി ഇവിടെ നില്‍ക്കുന്നതില്‍ അര്‍ത്ഥമില്ല. എല്ലാറ്റിനും വലുത് നമ്മുക്ക് അഭിമാനം എന്നൊന്നുണ്ട്... പോന്നോള്ളൂ.. നമ്മുക്ക് നമ്മുടെ വീട്ടിലേയ്ക്ക് തന്നെ പോകാം.."

വിജയമ്മയുടെ വാക്കുകള്‍ തന്നെയാണ് ശരിയെന്ന് സലീമിനും തോന്നി. അയാള്‍ ചിന്തിച്ചു. ദേവുവിനോടുള്ള സ്നേഹം ഒന്നുകൊണ്ട് മാത്രമാണ് താനും ഇവിടെകൂടിയത്. ഒടുവില്‍, ദേവുവിന്‍റെ കൈപിടിച്ച് വിജയമ്മ ആ വീടിന്‍റെ മുറ്റത്ത് നിന്നും നടന്നകലുമ്പോള്‍ അമറും ഒപ്പം സലീമും അവരുടെയൊപ്പം നടന്നുനീങ്ങി. തലകുനിച്ച് ദേവു മടങ്ങുന്നത് കണ്ടപ്പോള്‍ രാജേശ്വരി സത്യദാസിനെ നോക്കി അമര്‍ത്തിചിരിച്ചു. അതോടെ വീടിന്‍റെ അരഭിത്തിയില്‍ ഇരുന്ന സത്യദാസും അച്ഛന് താഴെ പടിക്കെട്ടില്‍ ഇരുന്ന സത്യരാജും രാജേശ്വരിയ്ക്കൊപ്പം അതേറ്റുചിരിച്ചു. ആ ചിരി പൊട്ടിച്ചിരിയായി അവിടമാകെ പ്രധിധ്വനിച്ചു.

പതിനാറും പുലകുളി അടിയന്തിരവും ഒക്കെ കഴിഞ്ഞു. അമ്മയ്ക്കുവേണ്ടി എന്തെല്ലാം ചെയ്യാന്‍ കഴിയുമോ അതെല്ലാം ദേവു സ്വന്തം വീട്ടില്‍ ചെയ്തു. അവളുടെ ആത്മശാന്തിയ്ക്ക് വേണ്ടിയെങ്കിലും അത് അവള്‍ക്കു ചെയ്യേണ്ടിയിരുന്നു. പതിവുപോലെ അമര്‍ ജോലിയുടെ തിരക്കുകളില്‍പ്പെട്ടു. ദിവസങ്ങള്‍ പലതുകഴിഞ്ഞിട്ടും ഫസിയയെ ഒന്ന് കാണാന്‍പോലും പിന്നീട് അവനു കഴിഞ്ഞില്ല. അപ്പോഴെല്ലാം അവള്‍ ഉമ്മ തീര്‍ത്ത കാരാഗൃഹത്തില്‍ കണ്ണീര്‍വാര്‍ത്ത് അമറിനായി കാത്തുനില്‍ക്കുണ്ടായിരുന്നു. എയിഡ്സ് രോഗബോധവല്‍ക്കരണത്തെക്കുറിച്ച് "മലയാളവാര്‍ത്ത" ദിനപത്രം തയ്യാറാക്കുന്ന പരമ്പരയിലേയ്ക്ക് റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കുന്ന തിരക്കില്‍ അവനതിന് കഴിഞ്ഞില്ല എന്ന് പറയുന്നതാവും ശരി.

ദിവസങ്ങള്‍ മാസങ്ങളായി വഴിമാറുമ്പോള്‍ അമര്‍ "മലയാളവാര്‍ത്ത" ദിനപത്രത്തിന്‍റെ ഒഴിച്ച്കൂടാന്‍ വയ്യാത്ത ലേഖകന്‍ ആയി മാറി. ഒടുവില്‍ നാട്ടിലെ മാധ്യമപ്രവര്‍ത്തകരെ ആദരിക്കുന്നതിനായി ഇന്ത്യാ പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ മാധ്യമശ്രീ പുരസ്കാരം അമറിനെ തേടിയെത്തി. ഇത് ഒരു അമേരിക്കന്‍ സംഘടനയുടെ നിയന്ത്രണത്തില്‍ ആയിരുന്നതിനാല്‍ ദേശാന്തരങ്ങളില്‍ അവന്‍ അറിയപ്പെടാനും തുടങ്ങി. ചുരുങ്ങിയ കാലയളവ്‌ കൊണ്ട് ഇത്രയും ഉയരങ്ങളില്‍ എത്തിയ അമറിനെ, പത്രത്തിന്‍റെ മാനേജ്മെന്‍റ് ഏര്‍പ്പെടുത്തിയ ചടങ്ങില്‍ ആദരിക്കുകയും അവനു സ്വന്തമായി ഒരു കാറും മൊബൈല്‍ഫോണും സമ്മാനിക്കുകയും ഉണ്ടായി.

സേതുലക്ഷ്മിയുടെ മരണശേഷം കുടുംബവീട് പൂര്‍ണമായും രാജേശ്വരിയുടെയും സത്യദാസിന്‍റെയും നിയന്ത്രണത്തിലായി. അവര്‍ സത്യദാസിന്‍റെ കുടുംബവീടില്‍ നിന്നും ഇവിടേയ്ക്ക് താമസം മാറ്റി. ആയതിനാല്‍ തന്നെ ദേവുവിന്‍റെ വീടിലേയ്ക്ക് അതുവഴി ഉണ്ടായിരുന്ന വഴിയും അടയ്ക്കപ്പെട്ടു. വീട്ടിലേയ്ക്ക് കയറാന്‍ ഗത്യന്തരമില്ലാതെ അമര്‍ കുഴങ്ങുമ്പോള്‍, സലീമിന്‍റെ പ്രത്യേക നിര്‍ദേശപ്രകാരം ദേവുവിന്‍റെ വീടിലേയ്ക്ക്‌ കയറാനായി ഒരു വഴി കൊടുക്കാന്‍ ദേവുവിന്‍റെ വീടിന് മുന്നിലെ ഇടമുടമ തയ്യാറായി. അവര്‍ നിര്‍ദേശിച്ച വില കൊടുത്ത് അമര്‍ ആ വഴി വാങ്ങുകയും ചെയ്തു. ഒടുവില്‍ അതുവരെ വീട്ടിലേയ്ക്ക് കൊണ്ടുവരാതിരുന്ന കാര്‍ ആദ്യമായി ദേവദാരുവിനരുകില്‍ വന്നു നിന്നു. കാറില്‍ നിന്നും അമര്‍ ഇറങ്ങുമ്പോള്‍ സന്തോഷത്തോടെ ദേവു ഓടിവന്നു. അവള്‍ക്കു വളരെയധികം സന്തോഷം തോന്നി. എവിടെയും എത്താതെ, ഒന്നും നേടാതെ കണ്‍മറഞ്ഞു പോയ രഘുവിന്‍റെ കുഴിമാടത്തിന് മുന്നില്‍ ആ അമ്മയും മോനും മുട്ടുകുനിച്ചു. അപ്പയുടെ മുന്നിലെ മണ്ണില്‍ തേങ്ങലോടെ അവന്‍ ചുണ്ടുകള്‍ മുട്ടിച്ചു. അവിടെനിന്നും ഈറനണിഞ്ഞ കണ്ണുകളോടെ അവന്‍ വീടിനകത്തേയ്ക്ക് നടക്കുമ്പോള്‍ സത്യദാസും രാജേശ്വരിയും സത്യരാജും പുശ്ചം നിറഞ്ഞ കണ്ണുകളിലൂടെ, അതിര്‍വരമ്പുകളില്ലാത്ത അസൂയയോടെ അവരെനോക്കി ഞെളിപിരികൊണ്ടു...

ആ രാത്രി ദേവുവിനരുകില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ അമര്‍ ദേവുവിനോട് പറഞ്ഞു.

"അമ്മെ... എന്‍റെ ഉയര്‍ച്ച കാണാന്‍ അപ്പയേം, അമ്മയേം അച്ഛമ്മേം സലിം ഉപ്പുപ്പായേം പോലെ ആഗ്രഹിക്കുന്ന ഒരാളുണ്ട് ഇപ്പോള്‍.... ന്‍റെ ബഷീര്‍ ബാപ്പ. നാളെ ജോലി കഴിഞ്ഞുവരുമ്പോള്‍ ഞാന്‍ ഒന്ന് പോയി കണ്ടോട്ടെ അമ്മെ..."

അമറിന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ തന്നെ ദേവുവിന് വളരെയധികം സന്തോഷം തോന്നി. അവള്‍ക്കു അവനില്‍ അഭിമാനവും തോന്നി. കാരണം ഉയര്‍ച്ചയില്‍ അഹങ്കരിക്കാതെ സാധാരണക്കാരനില്‍ സാധാരണക്കാരനായി ജീവിക്കാനും, ബന്ധങ്ങള്‍ മറക്കാതെ കാത്തുസൂക്ഷിക്കാന്‍ കഴിവുള്ളവനുമായ ഒരു മകന്‍ ഏതമ്മയുടെയും സ്വപ്നമാണല്ലോ. ഉള്ളില്‍ വന്ന സന്തോഷം മറച്ചുവയ്ക്കാതെ അവള്‍ പറഞ്ഞു.

"പോണം... മോനെ, പോണം. അമ്മയ്ക്കതില്‍ സന്തോഷമേ ഉള്ളൂ... പക്ഷെ.."

"എന്തുപക്ഷേ... അമ്മെ..????? അമര്‍ ജിജ്ഞാസയോടെ ചോദിച്ചു.

ഉറങ്ങാതെ ദേവുവിനരുകില്‍ കിടന്നിരുന്ന വിജയമ്മയാണ് അതിന് മറുപടി പറഞ്ഞത്.

"മോനെ നമ്മുക്ക് മുന്നിലുള്ളത് വിഷക്കൂട്ടങ്ങളാണ്.. ആരെയും ചതിയ്ക്കാന്‍ യാതൊരു മടിയും കാണിക്കാത്ത വിഷപ്പാമ്പുകള്‍... രാവിലുള്ള യാത്ര അത് സൂക്ഷിക്കണം... അതാണ്‌ അമ്മ പറയുന്നത്..."

"അതെനിയ്ക്കറിയാം അച്ചമ്മേ... നേര്‍ക്കുനേരെ അവര്‍ക്ക് എന്നെ ഒന്നും ചെയ്യാന്‍ കഴിയില്ല അച്ചമ്മേ..." അമര്‍ പറഞ്ഞു.

അതിനു പ്രതികരിച്ചത് ദേവുവാണ്.

"അതാണ്‌ മോനെ അമ്മയുടെ ഭയവും. അവര്‍ക്കും അതറിയാം. എങ്കിലും മോന്‍ ഒറ്റയ്ക്കാണ്. പോരെങ്കില്‍ നിന്നോട് പോരടിക്കാന്‍ അവര്‍ തേടുന്ന മാര്‍ഗവും ഇരുള് തന്നെയായിരിക്കും...."

അമ്മയുടെയും അച്ചമ്മയുടെയും വിഷമം കണ്ടു അമര്‍ പറഞ്ഞു.

"അമ്മയും അച്ഛമ്മയും വിഷമിക്കാതെ ഇരിക്കുന്നുണ്ടോ.. എനിക്കറിയാം. ഞാന്‍ ശരിക്കും സൂക്ഷിച്ചോളാം പോരെ...??? പറഞ്ഞുകൊണ്ടവന്‍ അമ്മയെ കെട്ടിപ്പിടിച്ചു. ദേവു സ്നേഹത്തോടെ അവന്‍റെ നെറ്റിയില്‍ ഒന്ന് ചുംബിച്ചു. അമ്മയുടെ ചുംബനവും ഏറ്റുവാങ്ങി അവന്‍ കിടക്കയിലേയ്ക്ക് കയറി. നിലാവ് മറഞ്ഞ ആകാശത്തില്‍ കീഴെ ദേവുവിന്‍റെ കുടിലിന് പുറകിലായി അതുവരെ ചെവിയോര്‍ത്ത്‌ നിന്ന സത്യദാസ് ശബ്ദമുണ്ടാക്കാതെ അവിടെനിന്നും മെല്ലെ നടന്നകന്നു. അച്ഛന്‍ കൊണ്ടുവരുന്ന രഹസ്യങ്ങള്‍ കേള്‍ക്കാന്‍ കത്തിച്ചുവച്ച മേശവിളക്കിനു മുന്നില്‍ അക്ഷമനായി കാത്തിരിക്കുകയായിരുന്നു സത്യരാജ്. ഒപ്പം അമ്മ രാജേശ്വരിയും. ഒടുവില്‍ ഇരുളിലൂടെ പടി കടന്നെത്തിയ സത്യദാസിനെക്കണ്ട് അവര്‍ എഴുന്നേറ്റു. അച്ഛനരുകില്‍ ചെന്ന് സത്യരാജ് സ്വരം താഴ്ത്തി ചോദിച്ചു.

"എന്തായി അച്ഛാ... എന്താ അവന്‍റെ പ്ലാന്‍...."

സത്യദാസ് നടന്നതെല്ലാം അവനോട് പറഞ്ഞു. എല്ലാം ക്ഷമയോടെ കേട്ട സത്യരാജ് പോക്കറ്റിനുള്ളില്‍ നിന്നും മൊബൈല്‍ഫോണ്‍ കൈയിലെടുത്തു. ആരോടോ ഫോണില്‍ മെല്ലെ സംസാരിച്ചുകൊണ്ടവന്‍ തെക്കേമുറ്റത്തിറങ്ങുമ്പോള്‍ രാജേശ്വരി സത്യദാസിനോട് ചോദിച്ചു.

"എന്താ ഇവന്‍റെ പ്ലാന്‍..?? ആരെയാ സത്യേട്ടാ അവന്‍ വിളിക്കുന്നെ...??"

സത്യദാസ് അവളോട്‌ കണ്ണുകളടച്ച്‌ കൈവിരല്‍ പ്രത്യേകതാളത്തില്‍ ചലിപ്പിച്ചുകൊണ്ട് പറഞ്ഞു.

"ഉറങ്ങട്ടെ അവന്‍... ഇന്ന് രാത്രികൂടി നല്ലവണ്ണം ഉറങ്ങട്ടെ... അപ്പനെപ്പോലെ മോനും ദേവദാരുവിന്നരികത്ത് ഉറങ്ങാന്‍ സമയമായി...ഹ ഹ ഹ " അയാള്‍ പൊട്ടിപ്പൊട്ടിച്ചിരിച്ചു. എങ്ങിനെയാണത് നടക്കുക, എന്താണ് സത്യരാജിന്‍റെ പ്ലാന്‍ എന്നറിയാതെ സത്യദാസിനൊപ്പം രാജേശ്വരിയും കൈകള്‍കൊണ്ട് വായപൊത്തി കുലുങ്ങിച്ചിരിച്ചു. അപ്പോഴേയ്ക്കും മനസ്സിലെ പദ്ധതികള്‍ സെലീനയോട് വിവരിച്ചു സത്യരാജ് അകത്തേയ്ക്ക് വന്നു. സത്യദാസ് അരുകിലെത്തിയ മകനെ കെട്ടിപ്പിടിച്ചു. അവന്‍റെ മുഖത്തേയ്ക്കു നോക്കി അയാള്‍ പറഞ്ഞു.

"നീയാണ് മോനെ... അച്ഛന്‍റെ മോന്‍. അവന്‍റെയച്ഛന്‍ രഘു അച്ഛനോട് ചെയ്ത ക്രൂരതയ്ക്ക് പകരം വീട്ടാന്‍ എന്‍റെ മോനുണ്ടല്ലോ...!! അതുമതി. അച്ഛനതുമതി..."

അച്ഛന്റെ വാക്കുകള്‍ കേട്ട സത്യരാജ് തന്‍റെ കഴിവില്‍ സ്വയം മറന്നു നിന്നു. ഒടുവില്‍ എന്നത്തേയും പോലെ ആ രാവും പുലര്‍ന്നു. രാത്രിയില്‍ മരപ്പൊത്തുകളിലും ചില്ലകളിലും ഭജനമിരുന്ന പക്ഷികള്‍ ആകാശത്തില്‍ തലങ്ങുംവിലങ്ങും പറന്നു കലപില കൂട്ടി. പ്രഭാതകൃത്യങ്ങള്‍ ഒക്കെ കഴിഞ്ഞ്, അമ്മയുടെ കൈയില്‍ നിന്നും ഭക്ഷണം വാങ്ങിക്കഴിച്ച്‌ അമര്‍ വീടുവിട്ട് പുറത്തിറങ്ങി. ദേവദാരുവിന്‍റെ ശിഖരങ്ങള്‍ ഓടിവന്നൊരു കാറ്റില്‍ ആടിയുലഞ്ഞു. സൂചിപോലെ നീണ്ട അതിന്‍റെ കുഞ്ഞിലകള്‍ അവനെ ചേര്‍ന്ന് തലോടി. അമര്‍ അരുമയോടെ അതിലൊരു ശിഖരത്തെ കൈയിലൊളിപ്പിച്ചു മുത്തം നല്‍കി. പോകുന്നവഴിയില്‍ തുളസ്സിച്ചെടിയെ ഒന്ന് തൊട്ടുതലോടി, മുറ്റത്ത് നിന്ന അമ്മയ്ക്കും അച്ഛമ്മയ്ക്കും നേരെ കൈകള്‍ വീശി വണ്ടിയില്‍ ചെന്നുകയറി. അവനെയും കൊണ്ടത് തിരിഞ്ഞ് പുറത്തേയ്ക്ക് നീങ്ങി. ഉയര്‍ന്നുപൊങ്ങിയ പൊടിപടലങ്ങള്‍ ദേവുവിന്‍റെ കാഴ്ച തെല്ലൊന്ന് മറച്ചു. അവന്‍ കണ്മുന്നില്‍ നിന്നും മറയുംവരെ അവള്‍ കൈകളുയര്‍ത്തി വീശി.

അന്നത്തെ ജോലി കഴിഞ്ഞ് അല്‍പ്പം ഇരുട്ടി ബഷീറിന്‍റെ വീട്ടിലേയ്ക്ക് തിരിക്കുമ്പോള്‍ അയാള്‍ക്ക്‌ നല്‍കാനായി അവന്‍ കുറച്ച് പലഹാരങ്ങള്‍ കരുതിയിരുന്നു. രാവില്‍ നിലാവ് നിറഞ്ഞുനിന്നിരുന്നു. റോഡെല്ലാം പകലുപോലെ തെളിച്ചമുള്ളതായിരുന്നു. പ്രധാനറോഡില്‍ നിന്നും ഫസിയയുടെ വീട്ടിലേയ്ക്കുള്ള പാത തിരിയുമ്പോള്‍ അമറിന് കാറിനുള്ളിലെ ഏകാന്തതയില്‍ വല്ലാതെ മടുപ്പ് തോന്നി. അവന്‍ കാറിനുള്ളിലെ സ്റ്റീരിയോ ഓണ്‍ ചെയ്തു. അതില്‍നിന്നുയര്‍ന്ന സംഗീതത്തിന്‍റെ താളത്തിനൊത്ത് സ്റ്റിയറിംഗില്‍ വിരലുകള്‍കൊണ്ട്‌ താളം പിടിച്ച് അവനിരുന്നു.

കാറിന്‍റെ വേഗം കൂടിക്കൊണ്ടിരുന്നു. ഇപ്പോള്‍ റോഡിനിരുവശവും ഇടതൂര്‍ന്ന കുറ്റിച്ചെടികള്‍കൊണ്ട് നിറഞ്ഞിരുന്നു. നിലാവ് നിറഞ്ഞുനിന്നിട്ടു പോലും അവിടെല്ലാം കട്ടപിടിച്ച ഇരുള്‍ കൂടിനിന്നിരുന്നു. അവിടെ, ആ ഭാഗത്ത് റോഡിലേയ്ക്ക് പടര്‍ന്നുകിടന്ന വള്ളിച്ചെടികള്‍ റോഡിന്‍റെ വീതി അല്‍പ്പം കുറച്ചിരുന്നു. അല്‍പ്പം കരുതലോടെ അമര്‍ വണ്ടി ഓടിക്കാന്‍ തുടങ്ങി. അപ്പോഴേയ്ക്കും വണ്ടിയുടെ മുന്നിലെ പ്രകാശത്തിന് മുന്നില്‍ റോഡിന്‍റെ ഒത്തനടുവിലായി ഒരാള്‍ കിടക്കുന്നത് അമര്‍ കണ്ടു. ഏതോ അപകടത്തില്‍പ്പെട്ട അയാളെ ആരോ അവിടെ ഉപേക്ഷിച്ചുപോയതാകും എന്ന് അമറിന് തോന്നി. അവന്‍റെ മനസ്സിലെ കരുണ ഉണര്‍ന്നു. വണ്ടിയുടെ വേഗത കുറച്ചവന്‍ അതിനരുകിലായി വണ്ടി നിര്‍ത്തി. സീറ്റില്‍ നിന്നും പുറത്തിറങ്ങി അമര്‍ തിടുക്കത്തില്‍ ആ രൂപത്തിനടുത്തേയ്ക്ക് ചെന്നു. ചരിഞ്ഞുകിടക്കുകയായിരുന്ന ആ രൂപത്തെ അമര്‍ തട്ടിവിളിച്ചു. അവന്‍റെ വിളികേട്ടിട്ടും ഒരനക്കവും അതില്‍ നിന്നും ഉണ്ടായില്ല.

അമര്‍ മെല്ലെ ആ രൂപത്തെ പിടിച്ചു തിരിച്ചു. പെട്ടെന്ന് കണ്ണുകള്‍ പൂട്ടിയിരുന്ന ആ രൂപം കണ്ണുകള്‍ തുറന്നു. കുനിഞ്ഞുനിന്ന്‌ ആ രൂപത്തെ നോക്കിയിരുന്ന അമറിന്‍റെ കഴുത്തില്‍ ആ രൂപം പിടിമുറുക്കി. ഉയരാന്‍ ശ്രമിച്ച അമറിനൊപ്പം ആ രൂപവും ഉയര്‍ന്നുപൊങ്ങി. അതോടെ വണ്ടിയുടെ, നിലാവിന്‍റെ വെളിച്ചത്തില്‍, അമ്മൂമ്മയുടെ മരണദിവസം തന്നോട് തര്‍ക്കിച്ച സത്യരാജിന് പിന്നില്‍ നിന്നവരില്‍ ഒരാളാണ് അതെന്ന് അവന്‍ തിരിച്ചറിഞ്ഞു. പെട്ടെന്നവന്‍ അമ്മ പറഞ്ഞ വാക്കുകള്‍ ഓര്‍ത്തു. അവന്‍റെ മനസ്സ് പറഞ്ഞു ... ചതി. ഇത് ചതിയാണ്. രക്ഷപ്പെടുക തന്നെ. അമര്‍ പെട്ടെന്ന് തന്‍റെ വലതുകരം ഉയര്‍ത്തി കഴുത്തില്‍ പിടിമുറുക്കിയ ആ ഉരുക്കുമുഷ്ടിയില്‍ പിടിച്ചു. വളരെ ശ്രമപ്പെട്ടെങ്കിലും അവന്‍ അത് ഉയര്‍ത്തുകതന്നെ ചെയ്തു. അപ്പോഴേയ്ക്കും പിന്നില്‍ നിന്നുള്ള ശക്തമായ അടിയേറ്റ് അമര്‍ നിലംപതിച്ചു. വീണിടത്ത് നിന്നു തിരിഞ്ഞുനോക്കുമ്പോഴേയ്ക്കും അവന്‍ അതിലെ രണ്ടാമനെയും കണ്ടു. ശക്തിയോടെ, മനസ്സുകൊണ്ട് സ്വയം ആര്‍ജിച്ച കരുത്തോടെ അമര്‍ എഴുന്നേറ്റു. അവര്‍ക്കിടയില്‍ അവന്‍ ഒരു യോദ്ധാവിനെപ്പോലെ പൊരുതി. തന്നെക്കാള്‍ തടിമിടുക്കുള്ള അവരെ അവന്‍ ഒടുവില്‍ കീഴ്പ്പെടുത്തും എന്ന ഘട്ടം വന്നു. ഇരുകരങ്ങളും കൊണ്ട് അമര്‍ അവരെ തന്‍റെ കാറിലേയ്ക്കു ചേര്‍ത്തുനിര്‍ത്തി. അവന്‍റെ കണ്ണുകള്‍ രോക്ഷം കൊണ്ട് ചുവന്നിരുന്നു. അതുവരെ ചെടികള്‍ക്കിടയില്‍ മറഞ്ഞിരുന്നൊരു രൂപം അവന്‍റെ പിന്നില്‍, അവനിലേയ്ക്കടുത്തുവരുന്നത് അവന്‍ അറിഞ്ഞിരുന്നില്ല. ഉയര്‍ന്നുപൊങ്ങിയ വാള്‍ത്തല നിലാവില്‍ വെട്ടിത്തിളങ്ങി. അമറിന്‍റെ പിന്നില്‍ വലതുകരത്തിന് മുകളില്‍ കഴുത്തിനും തോളിനും ഇടയില്‍ തുടങ്ങി മുതുകിലൂടെ മാംസം പിളര്‍ത്തി ഇടതുകരത്തിനടിയില്‍ അത് അവസാനിച്ചു.

ഓര്‍ക്കാപ്പുറത്തേറ്റ വെട്ടില്‍ അമര്‍ അലറിവിളിച്ചു. അവരെപ്പിടിച്ചിരുന്ന കരങ്ങള്‍ അവനറിയാതെ വിട്ടു. പിന്നിലേയ്ക്ക് മറിഞ്ഞ അമര്‍ വള്ളിപ്പടര്‍പ്പിനിടയിലേയ്ക്ക് വീണു. വീഴ്ചയില്‍, മറയുന്ന കാഴ്ചയില്‍ അവന്‍ കണ്ടു വീണ്ടും വെട്ടാനായി ഓങ്ങുന്ന സത്യരാജിനെ. എന്നാല്‍ ആ വള്ളിപ്പടര്‍പ്പിന് താഴെ അഗാധമായ ഗര്‍ത്തത്തിലേയ്ക്ക് വീണുവീണ് മറയുകയായിരുന്ന അമര്‍ സത്യരാജിന്‍റെ രണ്ടാമത്തെ വെട്ടില്‍ അവന്‍ വീണിടത്തെ വള്ളിപ്പടര്‍പ്പുകള്‍ ചിതറിപ്പറക്കുന്നത് ഒരു മിന്നായം പോലെ കണ്ടു. അമര്‍ അഗാധതയില്‍ മറയുന്നത് കണ്ട സത്യരാജ് മറിച്ചൊന്ന് ചിന്തിക്കാതെ അമറിന്‍റെ കാറില്‍ കടന്നിരുന്നു. അത് അവനെയും കൊണ്ട് മുന്നോട്ട്നീങ്ങുമ്പോള്‍ തൊട്ടുപിറകില്‍ വള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍ മറഞ്ഞുകിടന്നിരുന്ന കാറില്‍ കൂട്ടാളികളും അവന്‍റെ പുറകെ യാത്രയായി.

ആദ്യമയക്കത്തില്‍, കുങ്കുമവര്‍ണ്ണം വാരിവിതറിയ കളത്തിനു നടുവില്‍, കത്തിയെരിയുന്ന ഹോമകുണ്ടത്തിനരുകില്‍ തലയറുത്തൊരു പൂവന്‍കോഴി കിടന്നു പിടയുന്നു. അതിന്‍റെ മുറിഞ്ഞകഴുത്തില്‍ നിന്നും ചോര ദേവുവിന്‍റെ മുഖത്തേയ്ക്ക് തുള്ളികളായി തെറിച്ചുവീണു. ആ കാഴ്ചകണ്ട് ഭയന്ന് ദേവു ഞെട്ടിയുണര്‍ന്നു. പായയില്‍ ചാടിയെഴുന്നേറ്റിരുന്ന അവള്‍ വിയര്‍ക്കാന്‍ തുടങ്ങി. അടുത്ത് മേശമേല്‍ ഇരുന്ന തണുത്തവെള്ളം എടുത്തവള്‍ ആര്‍ത്തിയോടെ കുടിച്ചു. വെപ്രാളത്തില്‍ അവള്‍ കുടിച്ച വെള്ളം വായയ്ക്കുള്ളില്‍ നിന്നു തുള്ളാന്‍ തുടങ്ങി. അതില്‍ നിന്നും തെറിച്ചൊരു തുള്ളി മുഖത്തേയ്ക്ക് വീണ വിജയമ്മ ഉറക്കത്തില്‍ ഞെട്ടിയണര്‍ന്നു. മുറിയിലെ മങ്ങിയ വെളിച്ചത്തില്‍ പായയില്‍ വിറപൂണ്ടിരുന്ന ദേവുവിനെക്കണ്ട വിജയമ്മ അവളോട്‌ തെല്ല് ദേഷ്യത്തോടെ പറഞ്ഞു.

"എന്താ...മോളെ ഇങ്ങനെ...??? ഇങ്ങനെ രാവും പകലും ഉറങ്ങാതെ നീയൊരു രോഗിയാകും..."

"ഇല്ലമ്മേ... എനിക്കൊന്നും സംഭവിക്കില്ല. എന്‍റെ മോന്‍...ന്‍റെ മോന്‍... അവനെന്തോ ആപത്ത് പിണഞ്ഞപോലെ..!! ഞാനൊരു സ്വപ്നം കണ്ടമ്മേ.. വല്ലാത്തൊരു സ്വപ്നം..." അവള്‍ അമ്മയോട് കണ്ട സ്വപ്നത്തെക്കുറിച്ച് വിശദീകരിച്ചു. അതുകേട്ട് വിജയമ്മ അവളെ സമാധാനപ്പെടുത്തിക്കൊണ്ട് പറഞ്ഞു.

"മോളിങ്ങനെ.. വിഷമിക്കാതെ. അതൊരു സ്വപ്നമാ... വെറും സ്വപ്നം.... ന്‍റെ മോന്‍..ആണാ.. അവനൊന്നും സംഭവിക്കില്ല. അമ്മയും അച്ഛമ്മയും ഇത് പറയുമ്പോള്‍ കുറ്റിച്ചെടികള്‍ക്കിടയിലൂടെ കണ്ണുകളടച്ച്‌ അമര്‍ അഗാധതയിലേയ്ക്കുള്ള യാത്രയിലായിരുന്നു.

നാഗത്താന്‍ തറയില്‍ നാഗശിലയ്ക്ക് മുകളിലൂടെ ഒരു നാഗം ചുറ്റുപിണഞ്ഞു നിന്ന് ഫണം വിടര്‍ത്തി. പടര്‍ന്നുവീണ മഞ്ഞള്‍പ്പൊടികള്‍ ഉറഞ്ഞുതുള്ളലില്‍ നിലത്തേയ്ക്കടിച്ച പ്രാഞ്ചിത്തോലുകളില്‍ പറ്റി അന്തരീക്ഷത്തിലുയര്‍ന്നു. അട്ടഹാസം മുഴക്കി ആരോ പൂഞ്ചോലയിലേയ്ക്ക് നടന്നടുത്തു. ലിപികളറിയാത്ത ചുണ്ടുകളില്‍ കാടിന്‍റെ ഗീതം അലറിക്കരഞ്ഞു. അരുവിയിലിറങ്ങിയ പാദങ്ങളില്‍ മീന്‍കുഞ്ഞുങ്ങള്‍ മുത്തമിട്ടു. ശരീരമാസകലം മുറിവുകളോടെ കണ്ണുകളടഞ്ഞ അമറിന്‍റെ ദേഹം ആ അരുവിയിലേയ്ക്ക് ഊര്‍ന്നിറങ്ങി. അതിശയം പൂണ്ട കാടിന്‍റെ കണ്ണുകള്‍ക്കിടയില്‍ ഉലഞ്ഞുലഞ്ഞവന്‍ ഇരുളിലേയ്ക്ക് മറഞ്ഞു.

(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ