2014 ഓഗസ്റ്റ് 15, വെള്ളിയാഴ്‌ച


ദേവദാരുവിന്നരികത്ത്‌.....52

രാവ് മുഴുവന്‍ മണ്ണില്‍ വീണ കണ്ണീരു കാണാന്‍, അന്നും പതിവ് പോലെ പുലരിയെത്തി. പുലര്‍ച്ചെ, ഉണര്‍ന്ന ഉടനെ എന്നും അടുക്കളയിലേയ്ക്ക് ഓടാറുള്ള ദേവു അന്ന് പതിവ് തെറ്റിച്ച്, മുറ്റത്തേയ്ക്ക് തെല്ല് തള്ളിനില്‍ക്കുന്ന തിണ്ണയില്‍ വന്നിരുന്നു. ആ ഇരുപ്പില്‍ അവള്‍ സ്വയം ഉരുകി ചോദിച്ചു.

"ഇത്... ഈ ഭൂമി ദുഃഖങ്ങളുടെ മാത്രം പറുദീസയാണോ?? അറിയില്ലെനിക്ക്‌..!!! അതോ അതെന്‍റെയീ മണ്ണ് മാത്രമാണോ..? തരുന്നതെല്ലാം ദുഃഖങ്ങളായിട്ടും ഞാനിന്നും സ്നേഹിക്കുന്നില്ലേ നിന്നെ..? അവള്‍ കാല്‍മുട്ടുകളില്‍ മുഖമമര്‍ത്തി കാല്‍ച്ചുവടുകളിലെ മണ്‍തരികളെ മാത്രം നോക്കിയിരുന്നു.

അവള്‍ക്ക് മുന്നിലൂടെ വരിവരിയായി നീങ്ങുന്ന കുഞ്ഞനുറുമ്പുകളെ അവള്‍ ആദ്യമായി കാണുന്നത് പോലെ നോക്കിയിരുന്നു. ഇടയ്ക്കിടെ തിരിഞ്ഞു നിന്നു പരസ്പരം കഥ പറയുന്ന അവ അവളുടെ കണ്ണുകള്‍ക്ക്‌ ഒരല്‍ഭുതമായി. ഒരു ബന്ധനങ്ങളും ഇല്ലാതെ അവ ചലിക്കുന്നത് കാണുമ്പോള്‍ അവള്‍ സ്വയം ഈ മനുഷ്യജന്മത്തെ ശപിച്ചുപോയി.

അവിടെ, അങ്ങിനെ കണ്ണുകള്‍ മെല്ലെയടച്ചിരിക്കുമ്പോള്‍ രാത്രിയിലെ സംഭവങ്ങള്‍ ഒന്നൊന്നായി അവളുടെ മനസ്സില്‍ നിറഞ്ഞുവന്നു. കൂടെപ്പിറന്നിട്ടും അവളിത് ചെയ്യിച്ചതോര്‍ക്കുമ്പോള്‍ ദേവുവിന് താങ്ങാന്‍ കഴിഞ്ഞില്ല. ഓര്‍ത്തോര്‍ത്ത്, നിറഞ്ഞു തുളുമ്പിയ രണ്ട് തുള്ളി കണ്ണുനീര്‍ വളഞ്ഞുപുളഞ്ഞ് അവളുടെ കവിളിണ തഴുകി താഴേയ്ക്ക് വീണു. തന്‍റെ മകനു സംഭവിച്ച ആപത്തോര്‍ത്തോര്‍ത്ത് അവള്‍ക്ക് വിഷമം അടക്കാന്‍ കഴിഞ്ഞില്ല.

ആ ഇരിപ്പില്‍, ആ ചിന്തകള്‍ അവളുടെ നെഞ്ചത്തെ തൊട്ടുണര്‍ത്തി. അതിനുള്ളിലെ ആരും കാണാത്ത കണ്ണീര്‍പ്പുഴയില്‍ ഒളിച്ചുകിടന്ന ഒരരയന്നത്തെപ്പോലെ അവളുടെ ദുഃഖങ്ങള്‍ ചിറകടിച്ചു പറക്കാന്‍ തുടങ്ങി. ദേവു, താന്‍ ആരാധിക്കുന്ന സകല ദൈവങ്ങളോടും മനസ്സുരുകി പ്രാര്‍ത്ഥിച്ചു.

അപ്പോള്‍, ഉറക്കമുണര്‍ന്ന വിജയമ്മ വീടിനു വെളിയിലേയ്ക്ക് വന്നു. വളരെ വര്‍ഷങ്ങള്‍ക്കു ശേഷം, ഇപ്പോഴാണ് ദേവു ഇത്രത്തോളം തളര്‍ന്നിരിക്കുന്നത് അവര്‍ കാണുന്നത്. അവരോര്‍ത്തു. തന്‍റെ രഘു പോയതില്‍ പിന്നെ സ്വയം ആര്‍ജിച്ച ശക്തിയില്‍ അവള്‍ ജീവിക്കുകയായിരുന്നു. എത്രയോ രാവുകള്‍, പകലുകള്‍ അവളുടെ തേങ്ങലുകള്‍ തന്‍റെ ഉറക്കം കെടുത്തിയിട്ടുണ്ട്‌. അവളുടെ മിഴികള്‍ നനയാതെ, ഒരു അമ്മയെപ്പോലെ, അതിലുപരി ഒരു കൂടപ്പിറപ്പിനെപ്പോലെ സ്നേഹിച്ച് അവളെ ഇതുവരെ എത്തിച്ചു. എന്നിട്ടും ഇപ്പോള്‍ മകന്‍റെ രൂപത്തില്‍ നൊമ്പരം വീണ്ടും അവളുടെ കണ്‍കോണുകളില്‍ എത്തി തുളുമ്പി നില്‍ക്കുന്നു.

അവര്‍ ചിന്തിച്ചു. സംഭവിക്കേണ്ടത് സംഭവിച്ചു. ഇനി അങ്ങിനെ ഒന്നുണ്ടാകാന്‍ പാടില്ല. ദേവു ഇനി സങ്കടപ്പെടാനും പാടില്ല. ഉറച്ച മനസ്സോടെ അവര്‍ ദേവുവിനരുകില്‍ എത്തി. അവളുടെ തോളില്‍ കൈവച്ചുകൊണ്ട് അവര്‍ അവളുടെ അടുത്തേയ്ക്കിരുന്നു. അമ്മ തോളില്‍ പിടിച്ചിട്ടും, തന്‍റെ അരുകില്‍ ഇരുന്നിട്ടും ദേവു മണ്ണില്‍ നിന്നും തന്‍റെ നോട്ടം പിന്‍വലിച്ചില്ല. വിജയമ്മ, അവളുടെ അരുകില്‍ ഇരുന്നുകൊണ്ട് അവളുടെ ഇടതൂര്‍ന്ന മുടികള്‍ തഴുകി. ദേവു കാല്‍മുട്ടുകളില്‍ നിന്നും മുഖം ഉയര്‍ത്തി അമ്മയെ നോക്കി. അവളുടെ കണ്പീലികള്‍ നനഞ്ഞ് പരസ്പരം ഒട്ടിച്ചേര്‍ന്നിരുന്നു. ഒന്നും പറയാതെ അവര്‍ അവളെ സ്വന്തം നെഞ്ചില്‍ ചേര്‍ത്തിരുത്തി.

അമ്മയുടെ നെഞ്ചില്‍ തലചായ്ച് കിടന്ന ദേവുവിന്‍റെ മിഴികള്‍ നോക്കുന്നത് രാജേശ്വരിയുടെ വീടിന്‍റെ മുറ്റത്താണ്. രാത്രിയില്‍, മരണവീട്ടില്‍നിന്നും മടങ്ങിപ്പോയ സെലീനയുടെ സഹായികള്‍ അപ്പോഴാണ്‌ അവിടെ തിരികെ എത്തിയത്. അവര്‍ വണ്ടിയില്‍ നിന്നും പുറത്തിറങ്ങുമ്പോഴേയ്ക്കും സെലീന മുറ്റത്തേയ്ക്ക് ഇറങ്ങി അവരുടെ അരുകില്‍ ചെല്ലുന്നതും ദേവുവിന് കാണാമായിരുന്നു. ഒന്നും കേള്‍ക്കാന്‍ കഴിയില്ല എങ്കിലും എന്തോ സജീവമായ ചര്‍ച്ചകളിലാണ് അവരെന്ന് അവള്‍ക്കു മനസ്സിലായി. അവള്‍ ഉദ്വേഗത്തോടെ അവിടേയ്ക്ക് നോക്കി. ദേവു തങ്ങളെ ശ്രദ്ധിക്കുന്നു എന്ന് തോന്നിയ അവര്‍ മൂവരും അതോടെ രാജേശ്വരിയുടെ വീട്ടിനകത്തേയ്ക്ക് കയറി. മനസ് നിറയെ സംശയത്തോടെ ദേവു അമ്മയുടെ നെഞ്ചില്‍ നിന്നും തലയുയര്‍ത്തി.

കുറച്ചേറെ സമയം അവള്‍ അങ്ങിനെതന്നെ ഇരുന്നു. പിന്നെ ഒന്നും മിണ്ടാതെ എഴുന്നേറ്റ് അടുക്കളയിലേയ്ക്ക് പോയി. വിജയമ്മ വീട്ടിനകത്തേയ്ക്കും. അടുക്കളയില്‍ നില്‍ക്കുമ്പോഴാണ് അവളോര്‍ത്തത്. എത്ര മാസം കൂടിയാണ് തന്‍റെ മകന്‍ ഇവിടെ എത്തിയത്. എന്നിട്ട് താനെന്താണ്‌ ഈ കാട്ടിയത്. അവന്‍ ഉറക്കമുണരുമ്പോഴേയ്ക്കും അവനിഷ്ടപ്പെട്ടതെന്തെങ്കിലും ഉണ്ടാക്കിവയ്ക്കേണ്ടതായിരുന്നു. പിന്നെയവള്‍ പെട്ടെന്ന് തന്നെ മറ്റു ചിന്തകള്‍ എല്ലാം വിട്ടു സ്വന്തം ജോലികളില്‍ മുഴുകാനും തുടങ്ങി.

അമര്‍ ഉണര്‍ന്ന്, പ്രഭാതകൃത്യങ്ങള്‍ ഒക്കെ കഴിഞ്ഞ് ദേവുവിന്‍റെ അടുക്കലേയ്ക്ക് ചെല്ലുമ്പോഴേയ്ക്കും അവനു വേണ്ടി ആവി പറക്കുന്ന വിഭവങ്ങളും ആയി അവള്‍ തയ്യാറായി നിന്നു. അവനരുകിലിരുന്നു അവനെ അവള്‍ ഊട്ടി. അമ്മയുടെ സ്നേഹം അവന്‍റെ മിഴികള്‍ നനച്ചു. ഭക്ഷണം കഴിക്കുമ്പോഴും, അതിനു ശേഷം മുറ്റത്ത് ഉലാത്തുമ്പോഴും അമര്‍ ഗഹനമായ ചിന്തയില്‍ ആയിരുന്നു. ദേവു അവനെ ശ്രദ്ധിക്കുകയും ചെയ്തു.

തന്‍റെ മകനിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് ആ അമ്മ ബോധവതിയായിരുന്നു. പക്ഷെ, അടുത്തിടെ ഉണ്ടായ സംഭവവികാസങ്ങള്‍ ഒന്നും തന്നെ അവള്‍ക്കു സ്വയം ആശ്വസ്സിക്കാന്‍ വക നല്‍കുന്നതുമായിരുന്നില്ല. പോരെങ്കില്‍, അവനിന്ന് തന്‍റെ കൈക്കുംബിളിലോ, മടിയിലോ ചരിഞ്ഞുകിടന്നു ഉറങ്ങുന്ന പിഞ്ചുകുഞ്ഞുമല്ല. അതുകൊണ്ട് തന്നെ താന്‍ എത്രത്തോളം ബോധവതിയായാലും അതുകൊണ്ട് താന്‍ കരുതുന്ന അത്രയോളം ഉപയോഗം ഇല്ലെന്നും അവള്‍ക്കറിയാം. എങ്കിലും സമയം കിട്ടുമ്പോള്‍ അവനെ ഒന്ന് ഉപദേശിക്കണം എന്നവള്‍ മനസ്സില്‍ ഉറപ്പിച്ചു.

മരണവീട്ടില്‍ നിന്നും ദേവുവിന് ഒപ്പം രാത്രി തിരിച്ചതാകയാല്‍ സലിം പുലര്‍ച്ചെ തന്നെ അവിടെ തിരിച്ചു ചെന്നിരുന്നു. അയല്‍വക്കം കൂടിയാകുമ്പോള്‍ അതാണല്ലോ നാട്ടുനടപ്പും. അങ്ങിനെ, തുടര്‍ച്ചയായ മൂന്ന് ദിവസവും സലിം അവിടെ സന്നിഹിതനായിരുന്നു. അദ്ദേഹത്തിന്‍റെ ഈ യാത്ര പക്ഷെ, മരിച്ചുപോയ സത്യരാജിനോടോ, രാജേശ്വരിയോടോ, സത്യദാസിനോടോ, സെലീനയോടോ ഉള്ള സ്നേഹത്തിന്‍റെ പുറത്തോ, ഒരു അയല്‍വാസി എന്ന നിലയിലോ ആയിരുന്നില്ല. ഈ യാത്രയ്ക്ക് വ്യക്തമായ ചില ലക്ഷ്യങ്ങള്‍ കൂടിയുണ്ട്. മനസ്സ് നിറയെ പകയും, ചതിയുമായി കഴിയുന്ന ഒരു കൂട്ടം മനുഷ്യമൃഗങ്ങളാണ് ഇക്കൂട്ടര്‍. സത്യരാജിന്‍റെ മരണത്തോടെ രണ്ടു കുടുംബങ്ങളും തമ്മിലുള്ള അന്തരം വര്‍ദ്ധിക്കുകയും, സെലീനയുടെ അധികാരം ആ വീട്ടില്‍ കുറച്ചുകൂടി കൂടി എന്നതും വളരെയധികം ഭയത്തോടെയാണ് സലിം നോക്കിക്കണ്ടത്.

അയാളുടെ ചിന്തകള്‍ വളരെവേഗം പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. അവിടത്തെ ഒരു കാര്യങ്ങളും അറിയാന്‍ കഴിയില്ല എന്നത് തന്നെ വലിയ ഒരു ന്യൂനതയാണ്. അമര്‍ ധൈര്യശാലിയാണെന്നതില്‍ സലീമിന് ലവലേശം പോലും സംശയം ഇല്ല. എങ്കില്‍ അതാണ്‌ അയാളുടെ ഭയവും. ഒരിക്കല്‍ അവര്‍ക്ക് പറ്റിയ അബദ്ധം ഇനിയൊരിക്കല്‍ കൂടി ഉണ്ടായി എന്നും വരില്ല. തന്‍റെ പൊന്നുമോന് ഇനി ഒരാപത്തും വരാന്‍ പാടില്ല. അയാള്‍ ചിന്തിച്ചു. നേര്‍ക്ക്‌ നേരെ നിന്നു യുദ്ധം ചെയ്യുന്നവനെ ആരും ഭയക്കേണ്ടതില്ല. പിന്നില്‍ നിന്നും ആക്രമിക്കുന്ന ചതിയന്മാരെയാണ് ഭയക്കേണ്ടതും. യഥാര്‍ഥ പോരാളി ചിലപ്പോള്‍ ചതിക്കുഴികള്‍ ശ്രദ്ധിച്ചുവെന്ന് വരില്ല. അമര്‍ യഥാര്‍ത്ഥ പോരാളിയാണ്. എങ്കിലും ജീവിതത്തിലെ ആദ്യാനുഭവം ഒരുപക്ഷെ, അവനെയും തിരുത്തിയേക്കാം. എങ്കിലും, വീട്ടിനുള്ളില്‍ എപ്പോഴും അടച്ചിരിക്കുന്നത് അവന്‍റെ മനസ്സിലെ അനാവശ്യചിന്തകള്‍ ഉണരും എന്നതിനാല്‍, അമ്മയുടെയും, സലിമിന്‍റെയും നിര്‍ദേശപ്രകാരം അമര്‍ ജോലിയ്ക്ക് പോകാന്‍ തുടങ്ങി.

പിന്നീട് വന്ന ദിനങ്ങളില്‍ എല്ലാം രാജേശ്വരിയുടെ വീടിന്‍റെ കിണറ്റിന്‍കരയിലും, മുറ്റത്തും, തൊടിയിലും ഒക്കെ സലിം ചുറ്റിനടന്നു. ശരിക്കും ഒരു കാരണവനെപ്പോലെ. ജാതിമത ചിന്തകള്‍ക്കതീതമായ ഒരു സ്വാതന്ത്ര്യം അവിടെ എല്ലായിടത്തും അദ്ദേഹത്തിന് ഉണ്ടായിരുന്നത് വളരെയേറെ ഉപകാരം ചെയ്തു എന്ന് പറയേണ്ടതും ഇല്ലല്ലോ.!!! വീടിനകത്ത് വച്ച് അവരെടുക്കുന്ന ഒരു തീരുമാനവും വെളിയില്‍ പോകാതെ, പ്രത്യേകിച്ച്, സലീമിന്‍റെ ചെവിയില്‍ എത്താതിരിക്കാന്‍ സെലീനയും കൂട്ടാളികളും വളരെയേറെ ശ്രദ്ധിച്ചിരുന്നു.

ഒടുവില്‍, നാലാം നാള്‍ രാജേശ്വരിയുടെ വീട്ടുമുറ്റത്ത് ഒരു പോലീസ് ജീപ്പ് വന്നു നിന്നു. അതില്‍ നിന്നും സബ് ഇന്‍സ്പെക്ടറും ഒരു പോലീസുകാരനും പുറത്തിറങ്ങി. അവരെക്കണ്ട് തിടുക്കപ്പെട്ട് സെലീനയും കൂട്ടാളികളും ഉമ്മറത്ത്‌ നിന്നും മുറ്റത്തേയ്ക്കിറങ്ങി. എസ്.ഐ യെക്കണ്ട്‌ സെലീനയും, സെലീനയെക്കണ്ട് അയാളും കൈയുയര്‍ത്തി അഭിവാദ്യം ചെയ്തു. സെലീന അവരെ അകത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോകാന്‍ തിടുക്കം കൂട്ടുമ്പോള്‍ സലീമും, ഒന്ന് രണ്ടു പൗരസമിതിക്കാരും അവര്‍ക്കരുകിലേയ്ക്ക് വന്നു. ഒട്ടും സമയം കളയാതെ സലിം പറഞ്ഞു.

"സാറേ..!!! വിവരങ്ങള്‍ ഞങ്ങള്‍ക്ക് കൂടി അറിയണം...."

"എന്താടാ... എന്താടാ നിങ്ങള്‍ക്കറിയേണ്ടത്....???" അയാള്‍ കോപത്തോടെ ചോദിച്ചു. അപ്പോള്‍ സലിം ചോദിച്ചു.

"സര്‍... ഞങ്ങള്‍ സാറിനോട് ദേഷ്യപ്പെട്ടല്ലല്ലോ ചോദിച്ചത്. സമാധാനമായിട്ടല്ലേ...?? അപ്പോള്‍ അങ്ങിനെ ഒരു പ്രതികരണം പോരെ സാറില്‍ നിന്നും..."

അവരുടെ മുന്നിലേയ്ക്ക് വീണ്ടും കോപത്തോടെ അടുക്കാന്‍ തുടങ്ങിയ ഇന്‍സ്പെക്ടറോട് സെലീന പറഞ്ഞു.

"വേണ്ട സര്‍... വേണ്ട. എന്താണെന്ന് വച്ചാല്‍ തുറന്ന് പറഞ്ഞേര്... കേള്‍ക്കട്ടെ എല്ലാരും. അല്ലെങ്കില്‍ നാളെ മുതല്‍ കൊടീം പിടിച്ചിറങ്ങിക്കോളും.. ശല്യങ്ങള്..!! "അവള്‍ പുശ്ചത്തോടെ തലതിരിച്ചു. അതോടെ ഇന്‍സ്പെക്ടര്‍ അവിടെ കൂടിനിന്ന എല്ലാവരോടും ആയി പറഞ്ഞു.

"സത്യരാജിന്‍റെ മരണം ഒരാത്മഹത്യ അല്ല. മറിച്ച് കൊലപാതകം ആണ്. പോലീസിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ "വ്യക്തമായ ലക്ഷ്യത്തോടെ ചെയ്ത ഒരു കൊലപാതകം".

പോലീസിന്‍റെ ഈ വാക്കുകള്‍ സെലീന ശരിക്കും പ്രതീക്ഷിച്ചില്ല എന്ന് തോന്നുന്നു. അവളുടെ പുരികങ്ങള്‍ വളഞ്ഞുയര്‍ന്നു. അവള്‍ സ്വയം, ഇതൊരു ആത്മഹത്യ എന്ന് വിചാരിച്ചിരുന്നതായിരുന്നു. അപ്പോഴിതാ വരുന്നു കൊലപാതകം ആണ് പോലും. അവള്‍ മനസ്സില്‍ വന്ന ചിന്തകള്‍ മറച്ചു വയ്ക്കാതെ ചോദിച്ചു.

"സര്‍... സര്‍ എന്താണീ പറയുന്നത്..?? ഇതൊരു കൊലപാതകമോ..??

"അതെ സെലീന മാഡം. ഇതൊരു കൊലപാതകം തന്നെയാണ്. രാജേശ്വരിയുടെ വീടിന്‍റെ ഇറയത്ത്‌ ഇതെല്ലാം കേട്ടു നിന്ന സത്യദാസും, ചുവരില്‍ ചാരിയിരുന്ന രാജേശ്വരിയും ഇത് കേട്ടു. ഇരുവരും സ്തബ്ധരായിരുന്നു.

(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ