2014 ഓഗസ്റ്റ് 4, തിങ്കളാഴ്‌ച

ദേവദാരുവിന്നരികത്ത്‌.....45

വീട്ടിനകത്തേയ്ക്ക് കയറിയ അവള്‍ വാതില്‍ അകത്തുനിന്ന് പൂട്ടി അതില്‍ നിന്നും താക്കോല്‍ ഊരി അതിനരുകിലെ സ്റ്റാന്‍ഡില്‍ വച്ചു. പിന്നെ സന്തോഷത്താല്‍ പടികളെല്ലാം അവളോടിക്കയറി. ബാല്‍ക്കണിയില്‍ എത്തിയ അവള്‍ നേരെ പോയത് ബാപ്പയുടെ മുറിയിലേയ്ക്കാണ്.

ബഷീറിന്‍റെ മുറിയില്‍ അവള്‍ പ്രവേശിക്കുമ്പോള്‍ കിടക്കയില്‍ ബഷീര്‍ ഉണ്ടായിരുന്നില്ല. അവള്‍ക്കാകെ പരിഭ്രമമായി. ആരുടെയെങ്കിലും സഹായമില്ലാതെ ബാപ്പ ഒന്നെഴുന്നേല്‍ക്കുകപോലുമില്ല. അപ്പോള്‍ പിന്നെ...ഈ രാത്രിയില്‍ ബാപ്പ ഇതെവിടെപ്പോയി..?? അവള്‍ ചിന്തിച്ചു.

അവള്‍ മുറിയ്ക്കുള്ളില്‍ നിന്നും അയാളെ വിളിച്ചു.

"ബാപ്പാ.... ബാപ്പാ...."

അയാള്‍ വിളികേള്‍ക്കാതിരുന്നതോടെ ഫസിയ ഒന്നുകൂടി ഉച്ചത്തില്‍ വിളിച്ചു.

"ബാപ്പാ.... ബാപ്പാ..."

വിളിച്ചുകൊണ്ട് ചുറ്റും പതറിനോക്കിയ അവളുടെ കണ്ണുകളില്‍ അപ്പോഴാണ്‌ ചാരിക്കിടന്നിരുന്ന കുളിമുറിയുടെ വാതില്‍ ശ്രദ്ധയില്‍ പെട്ടത്. പിന്നെ ഒരു നിമിഷം പോലും പാഴാക്കാതെ അവള്‍ അവിടേയ്ക്ക് പാഞ്ഞുചെന്നു. തള്ളിത്തുറന്ന കതകിന് പുറകില്‍ ചുവരില്‍ ചാരിയിരുന്ന ബഷീറിനെക്കണ്ടവള്‍ ഞെട്ടിത്തെറിച്ചു. അവള്‍ തിടുക്കത്തില്‍ അതിനകത്തേയ്ക്ക് കയറി. അയാള്‍ക്കരുകില്‍ മുട്ടുകുത്തിയിരുന്നവള്‍ ചോദിച്ചു.

"എന്തുണ്ടായി... ബാപ്പ... എന്തുണ്ടായി... ?? എന്തിനാ ഇവിടെ വന്നേ... ഞാന്‍ പറഞ്ഞിട്ടില്ലേ ബപ്പാനോട് എന്താവശ്യം വന്നാലും ആ സ്വിച്ചില്‍ ഒന്ന് വിരലൊന്നമര്‍ത്തിയാല്‍ പോരെ. ബാലമ്മാവന്‍ വരില്ലേ ബാപ്പാടെ അരുകിലേയ്ക്ക്..!!!

പറഞ്ഞുകൊണ്ട് അവള്‍ ഇരുകരങ്ങളും ബഷീറിന്‍റെ കൈകള്‍ക്കടിയിലൂടെയിട്ട് അയാളെ ഉയര്‍ത്താന്‍ ശ്രമിച്ചു. ബഷീറിനെ ഉയര്‍ത്താന്‍ കഴിയാതെ ഫസിയ മെല്ലെമെല്ലെ അയാളെ നീക്കി പുറത്തേയ്ക്ക് കൊണ്ടുവരാന്‍ ശ്രമിച്ചു. ഇരുന്ന ഇടത്ത് നിന്നും അയാള്‍ മാറിയപ്പോളാണ് അരുകില്‍ കിടന്ന ബ്ലേഡ് അവളുടെ ശ്രദ്ധയില്‍ പെട്ടത്. വിടര്‍ന്ന കണ്ണുകളോടെ അയാളെ നോക്കി ഫസിയ ചോദിച്ചു.

"എന്താ... ബാപ്പ ഇത്..? എന്താ ഇതിന്‍റെയൊക്കെ അര്‍ത്ഥം...???

അയാള്‍ അവളെ നോക്കാതെ തലകുനിച്ചിരുന്നു തേങ്ങാന്‍ തുടങ്ങി. അതോടെ, ഫസിയ കുളിമുറിയുടെ നിലത്തേയ്ക്കിരുന്നു. ബഷീറിന്‍റെ മുഖം അവള്‍ കൈവിരലുകള്‍ കൊണ്ട് പിടിച്ചുയര്‍ത്തി. അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി കവിളുകളിലൂടെ അത് താഴേയ്ക്ക് പതിയ്ക്കാന്‍ തുടങ്ങി. കണ്ണുകള്‍ മുറുക്കിയടച്ച് അവളുടെ മുന്നിലിരുന്ന് തേങ്ങാന്‍ തുടങ്ങിയ അയാളുടെ ചുണ്ടുകള്‍ വിറയ്ക്കാന്‍ തുടങ്ങി. മുന്നില്‍ തളര്‍ന്നിരിക്കുന്ന ബാപ്പയെക്കണ്ട ഫസിയ സ്നേഹത്തോടെ അയാളുടെ കവിളുകളില്‍ മാറിമാറി മുത്തം നല്‍കി. പിന്നെ അയാളുടെ കവിളില്‍ കവിള്‍ ചേര്‍ത്ത് അവള്‍ കരയാന്‍ തുടങ്ങി. ആ ഇരുപ്പില്‍ രണ്ടു കണ്ണുകളുമടച്ചുകൊണ്ട് അവള്‍ പറഞ്ഞു.

"എന്നെ...വിട്ട്.... ഈ ഫസിയ മോളെ വിട്ട് പോകാനായിരുന്നു ബാപ്പാടെ ശ്രമം... അല്ലേ ബാപ്പാ..."

ഫസിയയുടെ ചോദ്യം കേട്ട് അയാള്‍ പറഞ്ഞു.

"ബാപ്പാടെ മുന്നില്‍ വച്ച്, എന്‍റെ മോളെ... അവന്‍... അവന്‍.." അയാള്‍ വല്ലാതെ തേങ്ങാന്‍ തുടങ്ങി. പിന്നെ അയാള്‍ ആ തേങ്ങലിനിടയിലും തുടര്‍ന്നു. നാളെ അവനെന്‍റെ മോളെ ഏതെങ്കിലും തെരുവില്‍ വലിച്ചെറിഞ്ഞ് പോകും. കണ്മുന്നില്‍ ചേതനയറ്റ് കിടക്കുന്ന എന്‍റെ മോളെക്കാണാന്‍...... അത് കാണാനുള്ള കരുത്ത് എനിക്കില്ല മോളെ... ഈ ബാപ്പായ്ക്കില്ല മോളെ...."

ഫസിയ അയാളെ ചേര്‍ത്തുപിടിച്ചു. അവളുടെ മാറില്‍ തലചായ്ച്ചിരിക്കുമ്പോള്‍ പെട്ടെന്ന് ഓര്‍ത്തപോലെ അയാള്‍ തലയുയര്‍ത്തി അവളെ നോക്കി ചോദിച്ചു.

"മോളെ... എന്‍റെ മോളെങ്ങനാ അവന്‍റെ കൈയില്‍ നിന്നും രക്ഷപ്പെട്ടത്..?? അവനെവിടെ മോളെ..???

"അതൊക്കെപ്പറയാം ബാപ്പാ. അതൊരു നീണ്ടകഥയാ... അതിനു മുന്‍പ് ബാപ്പാനെ ഞാന്‍ കട്ടിലിലേയ്ക്ക് കൊണ്ടുപോകാം. പറഞ്ഞുകൊണ്ടവള്‍ വളരെ പാടുപെട്ട് ബഷീറിനെ വലിച്ചുയര്‍ത്തി. അവള്‍ക്കൊപ്പം ചുവടുവച്ച്‌ ബഷീര്‍ കട്ടിലിനരുകിലേയ്ക്ക് നീങ്ങി. ഒടുവില്‍ ബഷീറിനെ കട്ടിലില്‍ കിടത്തി അയാള്‍ക്കരുകിലിരുന്നു അവള്‍ നടന്നതെല്ലാം പറഞ്ഞു. എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ അയാള്‍ക്കൊരു പ്രത്യേക ഉന്മേഷം കൈവന്നത് പോലെ തോന്നി. സന്തോഷം കൊണ്ടയാളുടെ കണ്ണുകള്‍ തിളങ്ങുന്നത് അവള്‍ കണ്ടു... കുറേനേരം കൂടി അയാള്‍ക്കരുകില്‍ ഇരുന്നിട്ടവള്‍ ബാപ്പയുടെ നെറുകയില്‍ ചുംബിച്ച്, ഒരു പുതപ്പുകൊണ്ട്‌ അയാളെ മൂടി, ആ മുറിയിലെ വിളക്കണച്ചു സ്വന്തം മുറിയിലേയ്ക്ക് പോയി.

ഇതേസമയം, അമര്‍ സത്യരാജിനെ ഉപേക്ഷിച്ചിടത്ത് വണ്ടി നിര്‍ത്തി. പക്ഷെ, റോഡരുകില്‍ സത്യരാജ് ഉണ്ടായിരുന്നില്ല. അമര്‍ വണ്ടി ഓരം ചേര്‍ത്ത് നിര്‍ത്തി. വണ്ടിയില്‍ നിന്നിറങ്ങിയ അമര്‍ അവിടെയെല്ലാം സത്യരാജിനെ തിരഞ്ഞു. ഏറെനേരം അവന്‍ തിരഞ്ഞുവെങ്കിലും അമറിന് സത്യരാജിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. സത്യരാജ് എവിടേയ്ക്കോ ഓടിപ്പോയിരിക്കും എന്നവന് തോന്നിയിരുന്നു. പിന്നീട് മറ്റൊന്നും ചിന്തിക്കാതെ അമര്‍ വണ്ടിയ്ക്കടുത്തേയ്ക്ക് വന്നു നിന്നു. ചുറ്റും ഒന്ന് കണ്ണോടിച്ച് എന്തോ തീരുമാനിച്ചപോലെ അവന്‍ അതിനകത്തേയ്ക്ക് കയറി. വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്ത അമര്‍ വേഗത്തില്‍ അത് റോഡിലേയ്ക്ക് കയറ്റി.

വണ്ടി മുന്നിലേയ്ക്ക് വെളിച്ചം പരത്തി, ഇരുളില്‍ അവനെയും പേറി ചലിച്ചുകൊണ്ടിരുന്നു. വഴി വിജനമായിരുന്നു. വള്ളിപ്പടര്‍പ്പുകള്‍ പലയിടത്തും റോഡിലേയ്ക്ക് പടര്‍ന്നുകിടന്നിരുന്നു. അമര്‍ ജീപ്പില്‍ സ്റ്റീരിയോ ഓണ്‍ ചെയ്തു. ഒരു ഹിന്ദി ഗാനം ചടുലതാളത്തില്‍ പാടാന്‍ തുടങ്ങി. അമറിന്‍റെ കൈകള്‍ ആ പാട്ടിനൊത്ത് സ്ടീയറിംഗില്‍ താളം പിടിക്കാനും തുടങ്ങി. പിന്നെയും, കുറച്ചുദൂരം അത് പിന്നിട്ടിരിക്കും. പെട്ടെന്നാണ് ജീപ്പിന് പുറകില്‍ ഒരാളനക്കം പോലെ അമറിനു തോന്നിയത്. പെട്ടെന്ന് റിയര്‍വ്യൂ ഗ്ലാസ്സിലൂടെ നോക്കിയ അമര്‍ ആ രൂപം തിരിച്ചറിഞ്ഞു. അമറിന്‍റെ ചുണ്ടുകള്‍ അവനറിയാതെ സ്വയം മന്ത്രിച്ചു.......

"സത്യരാജ്".....

അമര്‍ ഒന്ന് ചലിക്കും മുന്‍പ് തന്നെ സത്യരാജിന്‍റെ കൈയിലിരുന്ന കറുത്ത തുണി അമറിന്‍റെ കഴുത്തില്‍ മുറുകാന്‍ തുടങ്ങി. അമര്‍ സ്റ്റീയറിംഗില്‍ നിന്നും കൈയെടുത്ത് സ്വന്തം കഴുത്തില്‍ പിടിച്ചു. നിയന്ത്രണംവിട്ട വണ്ടി വഴിയോരത്തെ വള്ളിപ്പടര്‍പ്പിനിടയിലേയ്ക്ക് പാഞ്ഞുകയറി. അമര്‍ പെട്ടെന്ന് ബ്രേക്കില്‍ കാലമര്‍ത്തി. അതോടെ വണ്ടി ഒന്നുലഞ്ഞുനിന്നു. അമര്‍ ആ ഇരുപ്പില്‍ തന്നെ വണ്ടി ഓഫ്‌ ചെയ്തു. അതോടെ അവിടമാകെ ഇരുളില്‍ മുങ്ങി. ശക്തമായി കഴുത്തിലെ തുണിയില്‍ പിടിച്ചവന്‍ അതുയര്‍ത്തി തലയ്ക്കു മുകളിലേയ്ക്ക് വിട്ടു. പിന്നിലേയ്ക്ക് അത് വലിച്ചുപിടിച്ചിരുന്ന സത്യരാജ് അതോടെ നിലവിട്ട് തെറിച്ചു അതിനകത്തേയ്ക്ക് വീണു.

അമര്‍ പെട്ടെന്ന് വണ്ടിയില്‍ നിന്നും ചാടിയിറങ്ങി. അമര്‍ വണ്ടിയില്‍ നിന്നും ഇറങ്ങുന്ന നേരം കൊണ്ട് സത്യരാജ് വണ്ടിയില്‍ നിന്നും പുറത്തേയ്ക്ക് കുതിച്ച് ഇരുളിലൂടെ ഓടാന്‍ തുടങ്ങി. അവിടമാകെ പരിചയമുണ്ടായിരുന്നപോലെ അവന്‍ ഇരുളിലൂടെ സര്‍വശക്തിയുമെടുത്തോടി. അമര്‍ അവനെ മാത്രം ലക്‌ഷ്യം വച്ച് പിന്നാലെയും. മുഖത്തേയ്ക്ക് വന്നടിച്ച വള്ളിചെടികളെയും, മരചില്ലകളെയും അമര്‍ കൈകൊണ്ട് തട്ടിയെറിഞ്ഞു. തനിക്കൊട്ടും പരിചയമില്ലാത്ത ആ ഇടത്തിലൂടെ ഇരുളിലൂടെ ഓടുക എന്നത് അമറിനെ സംബന്ധിച്ചിടത്തോളം ദുഷ്കരമായിരുന്നു. അവന്‍ പകുതി വഴിയില്‍ നിന്നു കിതച്ചു. ഈ സമയമെല്ലാം സത്യരാജ് പ്രാണനും കൊണ്ടോടുകയായിരുന്നു. കാരണം അവനറിയാം ഇനിയൊരു തവണ കൂടി അമറിന്‍റെ കൈയിലകപ്പെട്ടാല്‍ തന്‍റെ കഥ കഴിഞ്ഞത് തന്നെ.. ആ ചിന്ത മുന്നിലേയ്ക്കോടാനുള്ള അവന്‍റെ ശക്തി കൂട്ടിക്കൊണ്ടിരുന്നു.

സത്യരാജ് അവന്‍റെ കാഴ്ചയില്‍ നിന്ന്‍ മറയുമ്പോള്‍ അമര്‍ തിരിഞ്ഞു വണ്ടി കിടക്കുന്നിടത്തേയ്ക്ക് തന്നെ വന്നു. മുന്നില്‍ പടര്‍ന്നു ചുറ്റുപിണഞ്ഞുകിടന്ന വള്ളികള്‍ വകഞ്ഞുമാറ്റി അവന്‍ സീറ്റിലേയ്ക്ക് കയറി ഇരുന്നു. അവനെയും കൊണ്ട് വള്ളിപ്പടര്‍പ്പിനിടയില്‍ നിന്നും ഒരു വലിയ ശബ്ദത്തോടെ അത് പിന്നിലേയ്ക്കോടി റോഡിലേയ്ക്ക് കയറി നിന്നു. ഒരു നിമിഷം അമര്‍ വണ്ടിയില്‍ ഇരുന്നെന്തോ ചിന്തിച്ചു. എന്നിട്ട് സത്യരാജ് ഓടിയ ഭാഗത്തേയ്ക്കവന്‍ വണ്ടി തിരിച്ചു. ആ വണ്ടി പെട്ടെന്ന് വേഗം വച്ച്, അവനെയുംകൊണ്ട് മുന്നിലേയ്ക്ക് തന്നെ ഓടിക്കൊണ്ടിരുന്നു.

(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ