2014 ഓഗസ്റ്റ് 4, തിങ്കളാഴ്‌ച


ദേവദാരുവിന്നരികത്ത്‌.....46

ഇതേസമയം, നിശാക്ലബില്‍ നിന്നു സെലീനയും സത്യദാസും പുറത്തേയ്ക്ക് വന്നു. രാവ് പുലരാന്‍ ഇനി മണിക്കൂറുകള്‍ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. വണ്ടിയ്ക്കുള്ളില്‍ കടന്നിരുന്ന സത്യദാസിനരുകില്‍ ഡ്രൈവിംഗ് സീറ്റിലേയ്ക്ക് സെലീന കയറിയിരുന്നു. അവരെയും കൊണ്ടത് തിരിഞ്ഞ് ആ മതില്‍കെട്ടിന് വെളിയിലേയ്ക്ക് നീങ്ങി. സത്യദാസിനെ സേതുലക്ഷ്മിയുടെ വീട്ടിലേയ്ക്ക് വിട്ടിട്ട് സെലീന സ്വന്തം വീട്ടിലേയ്ക്ക് തിരിച്ചു.

വീട്ടിലേയ്ക്ക് കയറിയ സത്യദാസ് ഉമ്മറത്ത് നിന്നു രാജേശ്വരിയെ വിളിച്ചു. അയാളുടെ വിളികേട്ടുകൊണ്ട് ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന രാജേശ്വരി മുറിയ്ക്കുള്ളിലെ വിളക്ക് തെളിച്ചു. സത്യദാസ് രണ്ടാമതും വിളിച്ചപ്പോള്‍, സ്വരം തിരിച്ചറിഞ്ഞ രാജേശ്വരി പെട്ടെന്ന് തന്നെ വന്ന് വാതില്‍ തുറന്നു. തുറന്ന വാതിലിനരുകില്‍ നിന്നവള്‍ മുടികെട്ടി. അവളെ സ്പര്‍ശിച്ചുകൊണ്ട് അയാള്‍ അകത്തേയ്ക്ക് കയറി. സത്യദാസ് അകത്തേയ്ക്ക് കയറിയതോടെ രാജേശ്വരി വാതിലിലൂടെ പുറത്തേയ്ക്ക് തലയിട്ട് ഒന്ന് മുറ്റത്തേയ്ക്ക് നോക്കി. പുറത്ത് മറ്റാരെയും കാണാഞ്ഞ് അവള്‍ അകത്തേയ്ക്ക് തിരിഞ്ഞു വാതില്‍ താഴിട്ടു. എന്നിട്ട് ചോദിച്ചു.

"സത്യേട്ടാ... ചെക്കനെവിടെ...??

"അവന്‍ സെലീനയുടെ വീട്ടില്‍ക്കാണും അല്ലാതെങ്ങ് പോകാനാ..." പറഞ്ഞുകൊണ്ടയാള്‍ ഇട്ടിരുന്ന ഉടുപ്പൂരി അയയിലേയ്ക്കിട്ടു. എന്നിട്ട് കിടക്കയിലേയ്ക്ക് വന്നിരുന്നു. അയാള്‍ക്കരുകിലേയ്ക്ക് വന്നിരുന്ന രാജേശ്വരി വീണ്ടും ചോദിച്ചു.

"നിങ്ങള് വല്ലോം കഴിച്ചോ...???

"കഴിച്ചു... എനിക്കൊന്നുറങ്ങണം." പറഞ്ഞുകൊണ്ടയാള്‍ കിടക്കയിലേയ്ക്ക് ചാഞ്ഞു. അതോടെ വിളക്കണച്ചു രാജേശ്വരി അയാള്‍ക്കരുകില്‍ ചേര്‍ന്ന് കിടന്നു. ഇടയ്ക്കുറക്കം നഷ്ടപ്പെട്ട അവള്‍ക്ക് പിന്നീട് ഉറക്കം വന്നില്ല. സത്യദാസിന്‍റെ നെഞ്ച് തലോടി അയാളിലേയ്ക്ക് ചേര്‍ന്ന് കിടന്നുകൊണ്ട് അവള്‍ ചോദിച്ചു.

"എന്തായി... അവന്‍റെ കാര്യം. ആ അമറിന്‍റെ കാര്യം. അവന്‍ ജീവിച്ചിരിപ്പുണ്ടോ..? എന്തെങ്കിലും വിവരം അറിഞ്ഞോ അവനെപറ്റി..."

കണ്ണുകളില്‍ ഉറക്കം പിടിച്ചുതുടങ്ങിയ സത്യദാസ് അലക്ഷ്യമായി പറഞ്ഞു. "ഞാനെന്നേ പറഞ്ഞതല്ലേ നിന്നോട്. അവന്‍ ചത്തു. അവന്‍ ചത്തു മണ്ണടിഞ്ഞുന്ന്.. പിന്നെ, പിന്നെയെന്തിനാ അടിയ്ക്കടി ഇങ്ങനെ ചോദിക്കുന്നത്..???"

അയാളുടെ വാക്കുകള്‍ കേട്ട് ആ ഇരുളിലും അവളുടെ കണ്ണുകള്‍ തിളങ്ങി. പിന്നെയും രാജേശ്വരി എന്തൊക്കെയോ ചോദിച്ചുകൊണ്ടിരുന്നു. പകുതിമുറിഞ്ഞ ഉത്തരങ്ങള്‍ക്കൊടുവില്‍ അയാളും അത് കേട്ടുകേട്ട് രാജെശ്വരിയും പതിയെപതിയെ നീണ്ട ഉറക്കത്തിലാണ്ടു.
*********
സെലീനയുടെ വണ്ടി പോര്‍ച്ചില്‍ വന്നു നിന്നു. അലസമായ മുടി മാടിയൊതുക്കി അവള്‍ അതില്‍ നിന്നും പുറത്തേയ്ക്കിറങ്ങി. വണ്ടിയുടെ വാതില്‍ താഴിട്ട്, കൈയിലിരുന്ന താക്കോല്‍ കൊണ്ട് വാതില്‍ തുറന്ന് അവള്‍ വീടിനകത്തേയ്ക്ക് കയറി. ഹാളില്‍ വിളക്ക് തെളിഞ്ഞിരുന്നു. മറ്റൊരു മുറിയിലും വെളിച്ചം ഉണ്ടായിരുന്നില്ല. പിന്നെ അകത്ത് നിന്ന് ആ വാതിലും താഴിട്ട്, നീണ്ട ഹാളില്‍ നിന്നും അവള്‍ ഭക്ഷണമുറിയിലേയ്ക്ക് പ്രവേശിച്ചു. കൈയിലിരുന്ന ബാഗ് അവിടെ ഊണുമേശയില്‍ വച്ചിട്ടവള്‍ അതിനു മുകളില്‍ ജഗ്ഗില്‍ നിറച്ചുവച്ചിരുന്ന വെള്ളമെടുത്ത് ആര്‍ത്തിയോടെ കുടിച്ചു. പിന്നീട് കിടപ്പുമുറിയില്‍ കയറി വാതിലടച്ചു. കിടക്കയിലേയ്ക്ക് ചരിഞ്ഞ അവള്‍ ക്ഷീണം കൊണ്ട് അതിവേഗം ഉറങ്ങുകയും ചെയ്തു.
**********
നേരം പുലര്‍ന്നു. ബാലന്‍ അതിരാവിലെ ഉണര്‍ന്ന് അടുക്കളയില്‍ പാചകത്തിലാണ്. ബഷീറിനുള്ള ചായയും, അയാളെ തുടയ്ക്കാനുള്ള ചൂട് വെള്ളവും കൊണ്ട് അയാള്‍ അടുക്കള വിട്ടു പുറത്തേയ്ക്ക് വന്നു. ഊണുമേശയില്‍ ഇരിക്കുന്ന സെലീനയുടെ ബാഗ്, അവള്‍ രാത്രിയില്‍ എപ്പോഴോ വീട്ടിലെത്തി എന്നതിന് അയാള്‍ക്കൊരു തെളിവായിരുന്നു. അയാള്‍ കൈയിലിരുന്ന ചായയും വെള്ളവും ഒക്കെ അതിനു മുകളിലായി വച്ച് ആ ബാഗെടുത്ത് സെലീനയുടെ മുറിയുടെ അരുകില്‍ കൊണ്ടുവന്ന് വച്ചു. എന്നിട്ട് തിരികെ വന്നു മേശമേല്‍ വച്ചിരുന്നതെല്ലാമെടുത്തുകൊണ്ട് മുകളിലേയ്ക്ക് നടന്നു. ബഷീറിനെ തുടച്ച് അയാള്‍ക്ക്‌ ചായയും നല്‍കി അയാള്‍ ഫസിയയുടെ മുറിയുടെ അരുകിലേയ്ക്ക് ചെന്നു. അകത്ത് നിന്നും താഴിട്ടിരുന്ന ആ വാതിലില്‍ മുട്ടി അയാള്‍ വിളിച്ചു.

"ഫസിയക്കുഞ്ഞേ... ഫസിയക്കുഞ്ഞേ..."

ഉറക്കത്തില്‍ നിന്നും ഞെട്ടലോടെ അവളാ വിളികേട്ടു. ഒന്ന് ചെവിയോര്‍ത്തപ്പോള്‍ അത് ബലമ്മാവന്‍ ആണെന്ന് അവള്‍ക്ക് മനസിലായി. അവള്‍ വന്നു വാതില്‍ തുറന്നു. അയാള്‍ അവള്‍ക്കു നേരെ നോക്കി ചിരിച്ചു. അവള്‍ അയാളെയും. അപ്പോള്‍ അയാള്‍ പറഞ്ഞു.

"മോളൊരുങ്ങി വന്നോള്ളൂ... എല്ലാം റെഡിയായിട്ടുണ്ട്..."

അവളെ വിട്ടു അയാള്‍ പോകുമ്പോള്‍ അവള്‍ മുറിയിലേയ്ക്ക് തന്നെ തിരിച്ചു കയറി. നെറ്റിയിലും കവിളുകളിലും പാറിക്കിടന്നിരുന്ന കുഞ്ഞുമുടികള്‍ അവള്‍ വിരലുകള്‍ കൊണ്ട് തെറുത്ത് കെട്ടിവച്ചിരുന്ന മുടികള്‍ക്കിടയിലേയ്ക്ക് തിരുകി. പിന്നെ ജനാലയ്ക്കരുകില്‍ വന്നവള്‍ അത് മലര്‍ക്കെ തുറന്നിട്ടു. നല്ല തണുത്ത കാറ്റ് അവളുടെ മുഖത്തേയ്ക്ക് അരിച്ചിറങ്ങി. ആ ജനലിലൂടെ അവള്‍ അകലങ്ങളിലേയ്ക്ക് നോക്കി നിന്നു. അന്നും പതിവ് പോലെ പള്ളിയുടെ മിനാരത്തിന് മുകളിലൂടെ ഒരു കൃഷ്ണപ്പരുന്ത് വട്ടമിട്ട് പറന്നുകൊണ്ടിരുന്നു.

പ്രഭാതകൃത്യങ്ങള്‍ ഒക്കെ കഴിഞ്ഞ്, കുളിച്ച് നല്ല വസ്ത്രങ്ങള്‍ ഒക്കെ ധരിച്ച് അവള്‍ ബാപ്പയുടെ മുറിയിലെത്തി. ബഷീര്‍ അപ്പോഴേയ്ക്കും പ്രഭാതഭക്ഷണവും കഴിച്ചുകഴിഞ്ഞിരുന്നു. ബാപ്പയോട് യാത്ര പറഞ്ഞ് അവള്‍ താഴെ ഭക്ഷണമുറിയിലേയ്ക്ക് ചെന്നു. അടച്ചുവച്ചിരുന്ന ഭക്ഷണത്തില്‍ നിന്നും അവള്‍ക്കാവശ്യമുള്ളത് എടുത്തവള്‍ അവിടെയിരുന്നു കഴിക്കാന്‍ തുടങ്ങി. സമയം അപ്പോള്‍ എട്ടിനോടടുത്തു തുടങ്ങിയിരുന്നു.

ഉറക്കത്തിന്‍റെ ആലസ്യത്തോടെ സെലീന വാതില്‍ തുറന്ന് പുറത്തിറങ്ങി. ഒന്നും നോക്കാതെ അവള്‍ ഹാളിലേയ്ക്ക് വന്നു. പതിവ് പോലെ സോഫയില്‍ മലര്‍ന്നിരിക്കാന്‍ തുടങ്ങി. അപ്പോഴേയ്ക്കും ഫസിയ കാപ്പികുടി കഴിഞ്ഞ് ഉമ്മയുടെ മുന്നിലൂടെ നടന്ന് മുകളിലേയ്ക്ക് നടക്കാന്‍ തുടങ്ങി. അവളെത്തന്നെ അവര്‍ നോക്കിയിരുന്നുവെങ്കിലും അവളോട്‌ യാതൊന്നും ചോദിച്ചില്ല. ഫസിയ സ്വന്തം മുറിയില്‍ കയറി വാതിലടച്ചു. സെലീന എഴുന്നേറ്റു മുറിയിലേയ്ക്ക് തന്നെപോയി.

പ്രഭാതകൃത്യങ്ങള്‍ ഒക്കെ കഴിഞ്ഞ് അവള്‍ വന്ന് ഭക്ഷണവും കഴിഞ്ഞ് വീണ്ടും സോഫയിലേയ്ക്കിരുന്നു. അന്നത്തെ പത്രവും അവള്‍ അരിച്ച് പെറുക്കി നോക്കാന്‍ തുടങ്ങി. അവള്‍ പ്രതീക്ഷിച്ച വാര്‍ത്തകള്‍ ഒന്നും അതില്‍ ഉണ്ടായിരുന്നില്ല. അപ്പോഴേയ്ക്കും അവളുടെ സഹായികളില്‍ ഒരാള്‍ അകത്തേയ്ക്ക് കയറിവന്നു. അയാള്‍ ഭവ്യതയോടെ അവള്‍ക്കരുകില്‍ വന്നുനിന്നു. സെലീന അവനെ നോക്കി ചോദിച്ചു.

"ഉം.. എന്താ..?? എന്തുവേണം...??? മറ്റെയാള്‍ എവിടെ..? അവള്‍ ചോദിച്ചു തീരും മുന്‍പേ അടുത്തയാളും അവള്‍ക്കരുകിലേയ്ക്ക് വന്നു.

സെലീന സോഫയില്‍ ഇരുന്നുകൊണ്ട് തന്നെ അവരോട് ചോദിച്ചു. "എവിടെ..?? അവനെവിടെ.... സത്യരാജ്...??

അവളുടെ ചോദ്യം കേട്ടു അവര്‍ പരസ്പരം ഒന്ന് നോക്കി. എന്നിട്ട് പറഞ്ഞു. "ഇന്നലെ.. ഇന്നലെ വൈകിട്ട് പോയതാണ്. ഇന്ന് പിന്നെ ഇവിടെ വന്നിട്ടില്ല..."

"ഉം...ശരി.." പറഞ്ഞുകൊണ്ടവള്‍ കൈയിലിരുന്ന ഫോണ്‍ എടുത്തു സത്യരാജിനെ വിളിക്കാന്‍ തുടങ്ങി. അപ്പോള്‍ അവള്‍ക്കരുകില്‍ എവിടെയോ കിടന്ന് ആ ഫോണ്‍ അടിയ്ക്കാന്‍ തുടങ്ങി. അവള്‍ അത്ഭുതത്തോടെ ചുറ്റും നോക്കാന്‍ തുടങ്ങി. അതോടെ അവളുടെ സഹായികള്‍ അവളിരുന്ന സോഫയ്ക്ക് പുറകില്‍ നിന്നത് കണ്ടെടുത്ത് സെലീനയുടെ കൈകളില്‍ കൊടുത്തു. സെലീന ഫോണ്‍ കട്ട്‌ ചെയ്ത് അരുകിലെ മേശമേല്‍ വച്ചു. നിമിഷം ഒന്ന് കഴിയും മുന്‍പേ അവളുടെ മുന്നിലിരുന്ന് സത്യരാജിന്‍റെ ഫോണ്‍ വീണ്ടും ശബ്ദിക്കാന്‍ തുടങ്ങി. സെലീന അത് കൈനീട്ടിയെടുത്തു. അതില്‍ അമ്മയെന്ന് എഴുതിയിരുന്നു. ആ വിളി രാജേശ്വരിയുടേത് എന്ന് മനസ്സിലാക്കിയ സെലീന അത് സ്വീകരിച്ചു ചെവിയിലേയ്ക്ക് വച്ചു. സന്തോഷത്തോടെ സംസാരം തുടങ്ങിയ സെലീനയുടെ മുഖം മെല്ലെമെല്ലെ കറുക്കാന്‍ തുടങ്ങി. ഒടുവില്‍ അവള്‍ ഇങ്ങനെപറഞ്ഞു.

"ഇതുവരെയും അവന്‍ വന്നില്ലെന്നോ...?? ഇവനിത് എവിടെപ്പോയി...?? എടീ ഇന്നലെ വൈകിട്ട് അവനിവിടുന്നു പോയീന്ന്. ഈ ഫോണ്‍ അവനിവിടെ മറന്നുവച്ചതാ... ഓക്കേ ഓക്കേ നീ വിഷമിക്കാതിരി. ഞാനൊന്ന് അന്വേഷിക്കട്ടെ.. പറഞ്ഞുകൊണ്ടവള്‍ ഫോണ്‍ ഓഫ് ചെയ്തു മേശയില്‍ വച്ചു. എന്നിട്ട് തിരിഞ്ഞു അവളുടെ സഹായികളോട് പറഞ്ഞു.

"സത്യരാജ് അവിടെ ചെന്നിട്ടില്ല ഇതുവരെ... എന്നാലും ഇവിടെയല്ലെങ്കില്‍ പിന്നെ എവിടെ...?? ഇവനിത് എവിടെപ്പോയീ...??? സെലീനയ്ക്കാകെ വിഷമം തോന്നി. തലയില്‍ കൈ ചേര്‍ത്തുപിടിച്ച് ചിന്താമഗ്നയായി അവളിരുന്നു.

(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ