2014 ഓഗസ്റ്റ് 3, ഞായറാഴ്‌ച


ദേവദാരുവിന്നരികത്ത്‌.....37

ദേവുവിന് വല്ലാത്ത അമര്‍ഷം തോന്നി. തന്നോട് തന്നെ. അവള്‍ ചിന്തിച്ചു. ഒറ്റമകന്‍ എന്ന ലാളന, അച്ഛനില്ലാത്ത കുഞ്ഞല്ലേ എന്ന കൊഞ്ചിക്കല്‍ ഇതെല്ലാം കൂടി ആയപ്പോള്‍ ചെക്കന്‍ അങ്ങ് നെഗളിയ്ക്കുവാ... അല്ലെങ്കില്‍ ദിനം രണ്ടായിട്ടും ഇവനിത് എവിടെപോയി കിടക്കുവാ.. അവള്‍ പായയില്‍ കിടന്നൊന്ന് തിരിഞ്ഞു. പിന്നെ ഒരു ദീര്‍ഘനിശ്വാസവും. അരുകില്‍ ഉറക്കം വരുത്തി, കണ്ണുകള്‍ അടച്ചു കിടന്നിരുന്ന വിജയമ്മ ചോദിച്ചു.

"അവനിത് വരെ വന്നില്ല... ല്ലെ ..മോളെ.."

"ഉം...." ദേവു ഒന്ന് മൂളി.

"നീ വിഷമിക്കാതെ സലിം ഇക്കായെ വിളിച്ചവന്‍ പറഞ്ഞതല്ലേ? അവന്‍ അറിയിക്കാതെ ഇരുന്നില്ലല്ലോ.." വിജയമ്മ ദേവുവിനെ സമാധാനിപ്പിക്കാന്‍ പറഞ്ഞു. ദേവു അതിനും ഒന്ന് മൂളുക മാത്രം ചെയ്തു. പിന്നെ രണ്ടു പേരും നിശബ്ദരായി. കൂരിരുളില്‍ ദേവു കണ്ണുകള്‍ അടച്ചുപിടിച്ചു. പക്ഷെ അവളുടെ ചെവികള്‍ ഇര കാത്തിരിക്കുന്ന ഒരു മൃഗത്തെപ്പോലെ പുറത്തെ മണ്ണില്‍ അമറിന്‍റെ പാദപതനം പ്രതീക്ഷിച്ചുകൊണ്ടിരുന്നു.

അപ്പോഴേയ്ക്കും അമര്‍ വീട്ടിലേയ്ക്കുള്ള പാത പകുതിയോളം പിന്നിട്ടിരുന്നു. റോഡിനിരുവശവും നിഗൂഡതയുടെ താവളം പോലെ കറുത്തിരുണ്ട് കിടന്നു. മഴ തോരാതെ പെയ്തുകൊണ്ടിരുന്നു. രാക്കിളികള്‍ മരച്ചില്ലയില്‍ തണുത്തു വിറങ്ങലിച്ചിരുന്നു. അമറിന്‍റെ വലതുകരം ചിലപ്പോഴൊക്കെ കുത്തിവലിച്ചു വേദനിക്കാനും തുടങ്ങി. യാത്രയ്ക്കിടയിലും അവന്‍റെ മനസ്സ് ബഷീറിന്‍റെ മുറിയിലായിരുന്നു. ഫസിയയുടെ ഉമ്മ അവന്‍റെ അമ്മ ദേവുവിനെതിരെ ഉപയോഗിച്ച ആ പദം അവന്‍റെ മനസ്സില്‍ കിടന്ന് പൊള്ളാനും തുടങ്ങി. ഒന്ന് മാത്രം അമറിനറിയാം. ഇക്കാലത്തിനിടയില്‍ പണക്കൊഴുപ്പും സൗന്ദര്യവും കൊണ്ട് അവര് പലരെയും വിലയ്ക്കെടുത്തിട്ടുണ്ട്. അവന്‍ ചിന്തിച്ചു. തനിക്ക് എന്തുണ്ട്. ഒരു അനാഥത്വവും പിന്നെ തന്‍റെ തൊഴിലും... എപ്പോഴെങ്കിലും സെലീന അവനെതിരായി തിരിഞ്ഞാല്‍ അവരെ വാര്‍ത്തകളിലൂടെ നിലംപരിശാക്കണം എന്നവന്‍ ദൃഡനിശ്ചയമെടുത്തു. അങ്ങിനെ ഈവിധം ചിന്തകള്‍ക്കൊടുവില്‍ അമറിനെയും കൊണ്ടാ വാഹനം സേതുലക്ഷ്മിയമ്മയുടെ മുറ്റത്തെത്തി. അപ്പോഴേയ്ക്കും തോരാതെ പെയ്തിരുന്ന മഴ ശമിച്ചിരുന്നു. വണ്ടി ഒതുക്കിയിട്ട് അമര്‍ പുറത്തേയ്ക്കിറങ്ങി. അതിന്‍റെ വാതിലുകള്‍ താഴിടുമ്പോള്‍ അവന്‍ അമ്മൂമ്മയുടെ വീട്ടിനുള്ളിലേയ്ക്ക് കണ്ണുകള്‍ പായിച്ചു. സമയം അര്‍ദ്ധരാത്രി ആയില്ലേ? ഇപ്പോള്‍ വിളിച്ചിട്ടെന്തു കാര്യം പാവം നല്ല ഉറക്കത്തിലായിരിക്കും. നേരം പുലരട്ടെ. ഇങ്ങനെ ചിന്തിച്ചുകൊണ്ടവന്‍ വീട്ടിലേയ്ക്ക് നടന്നു...

ദേവദാരുവിന്നരികത്ത് എത്തുമ്പോള്‍ അവന്‍ മെല്ലെ നിശ്ചലനായി. അപ്പയുടെ കുഴിമാടത്തിലേയ്ക്ക് നോക്കുമ്പോള്‍ അവന്‍റെ നെഞ്ച് ഒന്ന് പിടച്ചു. ആദ്യമായ് അപ്പയെ മറ്റൊരാള്‍ വാക്കുകള്‍ കൊണ്ട്, അതും തന്‍റെ മുന്നില്‍ വച്ച്... ശരിക്കും അതിനു കാരണക്കാരന്‍ താനല്ലേ...? അതോ അമ്മയും അച്ഛമ്മയും പറഞ്ഞ കഥകളിലില്ലാത്ത ഒരു മുഖം ബഷീര്‍ ബാപ്പയ്ക്കുണ്ടോ? സ്വന്തം ഭാര്യയെ ചതിച്ച ഒരു മുഖമുണ്ടോ ആ മനുഷ്യന്.... അങ്ങിനെയെങ്കില്‍ എന്‍റെ അമ്മയും അതില്‍ കുറ്റക്കാരി ആകുമോ? ഹേയ്!! അങ്ങിനെ വരുമോ?... അങ്ങിനെ വരില്ല. അവന്‍റെ മനസ്സ് നിറയെ ഫസിയയും, സെലീനയും, ദേവുവും അച്ഛമ്മയും, അമ്മൂമ്മയും ഒക്കെ വന്നു നിറഞ്ഞു. അവന്‍ സ്വയം തീരുമാനിച്ചുറച്ചു.. തനിക്കുവേണ്ടി മാത്രം ജീവിച്ചവളാണ് തന്‍റെ അമ്മ. അമ്മയെക്കുറിച്ച് താനിപ്പോള്‍ മറിച്ച് ചിന്തിച്ചത് പോലും പാപമാണ്. അവന്‍ വ്യസനത്തോടെ ആ തുളസിചെടിയുടെ മുന്നില്‍ മുട്ടുകുത്തി.

"അപ്പാ... മാപ്പപ്പാ... ആളോള് പറയുന്ന കഥകള് കേട്ടപ്പോള്‍ ഞാനൊരു നിമിഷം ചിന്തിച്ചു പോയി. അല്ലെന്ന് ചിന്തിച്ചുറപ്പിക്കാന്‍ ഞാന്‍ അപ്പയോളം വലുതല്ലല്ലോ അപ്പാ... ന്‍റെ അപ്പായോളം ഞാന്‍ വലുതല്ലല്ലോ..!! അവന്‍ തേങ്ങിക്കരയാന്‍ തുടങ്ങി. പടര്‍ന്നു പന്തലിച്ച് നില്‍ക്കുന്ന ദേവദാരു പെയ്ത മഴയില്‍ ഇലകളില്‍ കാത്തുവച്ച മഴത്തുള്ളികള്‍ അവന്‍റെ ദേഹത്തേയ്ക്ക് കുടഞ്ഞിട്ടു. ഉറക്കം പിടിച്ചിരുന്നുവെങ്കിലും ദേവു ആ തേങ്ങല്‍ കേട്ടു. അവള്‍ കണ്ണുകള്‍ വെട്ടിത്തുറന്നു. കിടക്കയില്‍ ഒരു നിമിഷം ഉയര്‍ന്നിരുന്നു. ആ ഇരുത്തത്തില്‍ വീണ്ടും അവളാ തേങ്ങല്‍ കേട്ടു.

"ങേ... എന്‍റെ മോനല്ലേ അത്... അമറല്ലേ അത്...? എന്തിനാ അവന്‍ കരയുന്നത്.. എന്തിനാ ന്‍റെ മോന്‍ കരയുന്നത്..... അവള്‍ക്കു ഒന്നും മനസ്സിലായില്ല. ഇനി താന്‍ വല്ല സ്വപ്നവും കണ്ടതാണോ? അവള്‍ക്കാകെ വെപ്രാളമായി. അരുകില്‍ ക്ഷീണത്തോടെ ഉറങ്ങുകയായിരുന്ന വിജയമ്മയെ അവളൊന്ന് തൊട്ടുവിളിച്ചു. അവര്‍ ഉണര്‍ന്നു. ഉറക്കച്ചടവോടെയെങ്കിലും അവര്‍ ദേവുവിനെ നോക്കി ചോദിച്ചു.

"എന്താ മോളെ... എന്തുണ്ടായി അവന്‍ വന്നോ..???

"അറിയില്ലമ്മേ... പുറത്ത് ആരോ തേങ്ങുന്ന പോലെ തോന്നി എനിക്ക്... എന്‍റെ അമര്‍ കരയുന്നത് പോലൊരു തോന്നല്‍... എനിക്കാകെ പേടി തോന്നുന്നു." ദേവു പറഞ്ഞു.

"മോളെ.. നീ കിടന്നപ്പോള്‍ അവനെ കുറിച്ച് ചിന്തിച്ചു കിടന്നോണ്ടാകും. അവനിനി രാവിലെയേ വരൂ. മോള് കിടന്നോ. നാമം ജപിച്ചു കിടന്നോ. അപ്പോപ്പിന്നെ മനസ്സില് വേണ്ടാത്ത ചിന്ത ഒന്നും ഉണ്ടാവില്ല..."

അമ്മയുടെ വാക്കുകള്‍ കേട്ടു ദേവു പായയിലേയ്ക്ക് തന്നെ കിടന്നു. കാലുകളില്‍ മൂടിയിരുന്ന വിരി മാറത്തേയ്ക്ക് മൂടുമ്പോള്‍ അവള്‍ വീണ്ടും ആ തേങ്ങല്‍ കേട്ടു. ഉറങ്ങാന്‍ കണ്ണുകള്‍ പൂട്ടിയിരുന്ന വിജയമ്മയും ആ തേങ്ങല്‍ കേട്ടു. രണ്ടുപേരും പുറത്തു മൂടിയിരുന്ന പുതപ്പ് വലിച്ചുമാറ്റി. ദേവു വേഗത്തില്‍ എഴുന്നേറ്റു. റാന്തലിന്‍റെ തിരിയവള്‍ മെല്ലെ ഉയര്‍ത്തി. മുറിയാകെ കൂടുതല്‍ പ്രകാശം പരക്കാന്‍ തുടങ്ങി. ദേവു വാതിലിന്‍റെ താഴ് എടുക്കുമ്പോഴേയ്ക്കും വിജയമ്മ മേലാകെ പുതപ്പ് ചുറ്റി അവള്‍ക്കരുകില്‍ എത്തിയിരുന്നു. വാതില്‍ തുറന്നു പുറത്തേയ്ക്കിറങ്ങിയ ദേവു പെട്ടെന്ന് ദേവദാരുവിന്നരുകില്‍ ഒരാള്‍ രൂപം കണ്ടു ഭയന്നു. എങ്കിലും ധൈര്യത്തോടെ അവള്‍ മുന്നിലേയ്ക്ക് ചെന്നു. അമ്മയെക്കണ്ട അമര്‍ അതോടെ അവിടെ നിന്നും എഴുന്നേറ്റു. പെട്ടെന്നവന്‍ അമ്മയുടെ അരുകിലേയ്ക്ക് വന്നു. അമര്‍ ദേവുവിനെ കെട്ടിപ്പിടിച്ചു. അവളുടെ തോളിലൊന്നില്‍ അവന്‍ മുഖമമര്‍ത്തി. ദേവു അവന്‍റെ മുഖം മെല്ലെ ഉയര്‍ത്തി. എന്നിട്ട് ചോദിച്ചു.

"എന്താ... അമര്‍... എന്താ ഉണ്ടായെ. ഇങ്ങനെ അപ്പാടെ അടുത്തു വന്നു സങ്കടപ്പെടാന്‍ മാത്രം എന്‍റെ മോന് എന്താ ഉണ്ടായെ..."

ഇത്രയും താമസ്സിച്ചതിനാല്‍, അവന്‍ വരുമ്പോള്‍ ചോദിക്കാന്‍ ഒരുപാട് ചോദ്യങ്ങള്‍ അവള്‍ മനസ്സിലുറപ്പിച്ചു വച്ചിരുന്നു. അതിലൊന്ന് പോലും ചോദിക്കാതെ തേങ്ങുന്ന അമറിന് മുന്നില്‍ നിന്നു അവള്‍ ഉരുകിയൊലിക്കാന്‍ തുടങ്ങി. ദേവുവിന്‍റെ ചോദ്യം കേട്ട് അവന്‍ തേങ്ങലോടെ അവളുടെ മുഖത്തേയ്ക്കു നോക്കി. എന്നിട്ട് പറഞ്ഞു.

"ഉണ്ടമ്മേ... എനിക്ക് ഈ രാത്രി പുലരുംവരെ അമ്മയോട് പറയാന്‍.. ഒരു കഥയുണ്ടമ്മേ... "

അമറിന്‍റെ വാക്കുകള്‍ കേട്ടു ദേവുവിന്‍റെ കണ്ണുകള്‍ തിളങ്ങി. അപ്പോഴേയ്ക്കും വിജയമ്മ വീടിന്‍റെ തിട്ടയില്‍ നിന്നുകൊണ്ട് പറഞ്ഞു.

"മോളെ... എന്ത് പറയാനുണ്ടെങ്കിലും അത് വീടിനകത്ത് വന്നിട്ടായിക്കൂടെ. ഈ അര്‍ദ്ധരാത്രീല് ഇങ്ങനെ മുറ്റത്ത്, ഈ തണുപ്പില് നിന്നിട്ട് വേണോ..?? "

ദേവു പെട്ടെന്ന് തന്നെ അമറിനെ ചേര്‍ത്തുപിടിച്ചുകൊണ്ടു അകത്തേയ്ക്ക് കയറി. കിടക്കയില്‍ അവനിരിക്കുമ്പോള്‍ അവള്‍ ഫ്ലാസ്കില്‍ നിന്നും പകര്‍ന്ന ചായ അവനു കൊടുത്തു. അവനാ ചായ മൊത്തിക്കുടിക്കുമ്പോള്‍ വിജയമ്മയും, ദേവുവും അവനിരുവശവും ഇരുന്നു. ദേവു ഇടതൂര്‍ന്ന അവന്‍റെ മുടിയിഴകളെ തഴുകിക്കൊണ്ടിരുന്നു. അമ്മയുടെ തലോടലില്‍ ആ കിടക്കയില്‍ ഇരുന്ന് അമര്‍ ഉണ്ടായ കഥകള്‍ എല്ലാം വിശദമായി പറഞ്ഞു. കഥയ്ക്കൊടുവില്‍ ദേവു ഏങ്ങിയേങ്ങി കരയാന്‍ തുടങ്ങി. ആ കരച്ചിലിനിടയില്‍ അവള്‍ വിജയമ്മയോട് പറഞ്ഞു.

"എന്‍റെ രഘുവേട്ടനെ പ്രാണന് തുല്യം സ്നേഹിച്ചതിന്, എനിക്ക് ഒരു ഏട്ടന്‍റെ സ്നേഹം തന്നതിന്... നമ്മുടെ ഒട്ടിയ വയറിന് പലനേരം ആഹാരം തന്നതിന് എന്‍റെ ഇക്കായ്ക്ക് ഇത്രയും അനുഭവിക്കേണ്ടി വന്നുവല്ലോ അമ്മെ... അവളൊരു സ്ത്രീയാണോ? അല്ലമ്മേ. അവളൊരു സ്ത്രീയല്ല. ഏതോ ഒരുവളുടെ വാക്ക് കേട്ട് സ്വന്തം ഭര്‍ത്താവിനെ അവള്‍ അവിശ്വസ്സിക്കണം എങ്കില്‍..... ഇല്ലമ്മേ. അപ്പോള്‍ ആ പറഞ്ഞവള്‍ അവള്‍ക്കു വിശ്വസ്തയായിരിക്കും. അങ്ങിനെയെങ്കില്‍ നമ്മള്‍ക്ക് അടുത്തു ബന്ധമുള്ളവള്‍ തന്നെയാകും അവള്‍. നമ്മുടെ കാര്യങ്ങള്‍ എല്ലാം അറിയുന്ന ഒരുവള്‍. അങ്ങിനെ ഒരാള്‍ എന്‍റെ കുടുംബത്തില്‍ അവളെ ഉള്ളൂ... രാജേശ്വരി... അവള് തന്നെയാകും അമ്മെ ആ കുടുംബം തകര്‍ത്തത്... "

ദേവുവിന്‍റെ വാക്കുകള്‍ കേട്ടു അമര്‍ ചെറുതായി ഒന്ന് ഞെട്ടി. അവന്‍ ചിന്തിച്ചു. അപ്പോള്‍ ഫസിയ പറഞ്ഞ ആ ശല്യക്കാരന്‍ മനുഷ്യന്‍ കൊച്ചച്ചന്‍ ആയിരിക്കുമോ? അവനൂഹിച്ചു. അമ്മ പറഞ്ഞിടത്തോളം അയാള്‍ നല്ലവനല്ല. അമ്മയെയും അപ്പയെയും പെരുവഴിയില്‍ കൊണ്ടെത്തിച്ച കാരണക്കാരന്‍ അയാളാണല്ലോ. ഇനി മുന്നോട്ടെന്ത്...? അവന്‍റെ മനസ്സില്‍ അതൊരു ചോദ്യചിഹ്നമായി നിന്നു. എന്തായാലും ഇന്ന് അമ്മയുടെ മനസ്സ് ഇത്രത്തോളം വേദനിച്ചതല്ലേ? ഇതൊന്ന് തണുക്കട്ടെ അമ്മയോട് തന്നെ ചോദിക്കണം. ബഷീര്‍ബാപ്പാനെ അവിടുന്ന് രക്ഷിക്കാന്‍ എന്താണൊരു പോംവഴി എന്ന്....!!!

മനസ്സ് മുഴുവന്‍ നൊമ്പരങ്ങളുമായി അവര്‍ കണ്ണുകള്‍ പൂട്ടിക്കിടന്നു. രാവിന്‍റെ അന്ത്യയാമത്തിലെപ്പോഴോ മൂവരും ഉറക്കം പൂണ്ടു. അമര്‍ ഭ്രാന്തമായിത്തന്നെ ഉറങ്ങി. നേരം പുലര്‍ന്നതും വീടിനുള്ളിലേയ്ക്ക് വെട്ടം അരിച്ചുകയറിയതൊന്നും അവന്‍ അറിഞ്ഞതേയില്ല. ഒടുവില്‍ സമയം ഒന്‍പതാകുമ്പോള്‍ ദേവു അവനരുകില്‍ ചെന്ന്‍ തൊട്ടു വിളിച്ചു.

"മോനെ.. അമര്‍ നേരം വല്ലാണ്ടായടാ.... നീ ഇന്ന് പോണില്ലേ?

അമര്‍ കണ്ണുകള്‍ തുറന്നു. അവന്‍ ദേവുവിനെ നോക്കി പുഞ്ചിരിച്ചു. ദേവു അവനരുകില്‍ കിടക്കയിലേയ്ക്കിരുന്നു. അമര്‍ ചരിഞ്ഞ് ദേവുവിനെ കെട്ടിപ്പിടിച്ചുകൊണ്ട് തല അവളുടെ മടിയിലേയ്ക്ക് വച്ചു. ദേവു അവന്‍റെ മുഖം തഴുകിക്കൊണ്ടിരുന്നു. അപ്പോഴേയ്ക്കും വിജയമ്മ അവര്‍ക്കരുകിലേയ്ക്ക് വന്നു. അവര്‍ ദേവുവിനെ തന്‍റെ വയറോടു ചേര്‍ത്ത് പിടിച്ചു....

പ്രഭാതകൃത്യങ്ങള്‍ ഒക്കെ കഴിഞ്ഞ്, കുളിച്ച്, ആഹാരം കഴിച്ച്, നല്ല വസ്ത്രങ്ങള്‍ ഒക്കെ ധരിച്ച് അമര്‍ പോകാനുള്ള തയ്യാറെടുപ്പിലായി. ഒടുവില്‍ അമ്മയോടും, അച്ഛമ്മയോടും യാത്ര പറഞ്ഞ് അവന്‍ പുറത്തേയ്ക്കിറങ്ങി. ദേവദാരുവിന്നരുകില്‍ ഒരു നിമിഷം നിന്നിട്ടവന്‍ മുന്നിലേയ്ക്ക് നടന്നു. ദേവു മകന്‍ പോകുന്നതും നോക്കി മുറ്റത്ത് തന്നെ നിന്നു. സേതുലക്ഷ്മിയുടെ മുറ്റത്ത് ചെന്ന അവന്‍ വണ്ടിയുടെ വാതില്‍ തുറന്നു ബാഗ്‌ സീറ്റിലേയ്ക്ക് വച്ചു. എന്നിട്ട് പതിവ് ശൈലിയില്‍ ഉറക്കെ വിളിച്ചു.

"അമ്മൂമ്മേ... ന്‍റെ സേതുലക്ഷ്മിക്കുട്ടിയേ......"

എന്നാല്‍ പതിവ് പോലെ "ന്‍റെ.. അമറൂട്ടിയേ..." എന്ന മറുവിളി അതിനകത്ത് നിന്ന് അവന്‍ കേട്ടില്ല. ഒന്ന് ശങ്കിച്ചു നിന്നിട്ട് അവന്‍ കാറിന്‍റെ വാതില്‍ മെല്ലെയടച്ചു. എന്നിട്ട് മുറ്റത്തുനിന്നു പടിക്കെട്ടുകള്‍ കയറാന്‍ തുടങ്ങി. മോന്‍റെ യാത്ര നോക്കി നിന്ന ദേവു അതോടെ മെല്ലെ സേതുലക്ഷ്മിയുടെ വീട്ടിലേയ്ക്ക് നടക്കാന്‍ തുടങ്ങി. അമര്‍ പടിക്കെട്ടുകള്‍ താണ്ടി ഇറയത്ത്‌ എത്തി. മുറിയ്ക്കുള്ളില്‍ എവിടെ നിന്നോ ചെറിയൊരു ഗന്ധം അവന്‍റെ മൂക്കില്‍ കയറാന്‍ തുടങ്ങി. ഇറയത്ത്‌ നിന്നും അമ്മൂമ്മയുടെ മുറിയുടെ വാതിലിനരുകില്‍ എത്തിയ അവന്‍റെ മൂക്ക് അപ്പോഴേയ്ക്കും അസഹനീയമായ ഗന്ധം തിരിച്ചറിയാന്‍ തുടങ്ങി. ഒന്നും ചിന്തിക്കാന്‍ പിന്നെ അവനു തോന്നിയില്ല. താഴിട്ടിരുന്ന വാതില്‍ അവന്‍ ചവുട്ടിത്തുറന്നു. അകത്തേയ്ക്ക് തുറന്ന ആ വാതിലിനൊപ്പം കടന്ന പ്രകാശത്തില്‍ അവന്‍ കണ്ടു. ചലനമറ്റ അവന്‍റെ അമ്മൂമ്മയെ. അവരുടെ ശരീരം വീര്‍ത്തിരുന്നു. വസ്ത്രങ്ങള്‍ നനഞ്ഞ് ദേഹത്തൊട്ടിപ്പിടിച്ചിരുന്നു. അസഹനീയമാം വിധം മൂളിക്കൊണ്ട് നിറയെ ഈച്ചകള്‍ ആ മുറി നിറച്ചും പറന്നുകൊണ്ടിരുന്നു. അവ അവന്‍റെ ദേഹത്തൊക്കെ വന്നു പറ്റാന്‍ തുടങ്ങി. തികട്ടിവന്ന ഭക്ഷണം ശര്‍ദ്ദിക്കും മുന്‍പ് അവന്‍ മുറിവിട്ട്‌ പുറത്തേയ്ക്ക് ചാടി. അപ്പോഴേയ്ക്കും ദേവു അവിടെ മുറ്റത്ത് എത്തിയിരുന്നു. അമര്‍ ഓടിച്ചെന്ന് ദേവൂനെ പിടിച്ചു.

"വേണ്ടമ്മേ... അങ്ങോട്ട്‌ പോകണ്ടാ..."

അവള്‍ അമ്പരപ്പോടെ അവനെ നോക്കി ചോദിച്ചു.

"എന്താടാ.... എന്തുണ്ടായി...???

"അമ്മൂമ്മ പോയി അമ്മെ...." കരഞ്ഞുകൊണ്ട്‌ അമര്‍ അത് പറയുമ്പോഴേയ്ക്കും കാറ്റിലലിഞ്ഞു വന്ന ഗന്ധം അവളുടെ മൂക്കിലേയ്ക്ക് തുളഞ്ഞുകയറി. അമറിന്‍റെ കൈകളില്‍ അവള്‍ കുതറിയില്ല. പകരം അവന്‍റെ കൈപിടിച്ചവള്‍ നിലത്തേയ്ക്കിരുന്നു. അപ്പോഴേയ്ക്കും വിജയമ്മയും അവിടേയ്ക്ക് എത്തി. അമ്മ മരിച്ചതിലുപരി ഇനി താന്‍ കേള്‍ക്കാന്‍ പോകുന്ന പഴികള്‍ ഓര്‍ത്തപ്പോള്‍ അവളുടെ നെഞ്ച് നിലച്ചുപോകുന്നത് പോലെ തോന്നിയവള്‍ക്ക്. ദേവുവിന്‍റെ തേങ്ങല്‍ അവള്‍ക്ക് മാത്രം കേള്‍ക്കാന്‍ പാകത്തിലായിരുന്നു. വിജയമ്മ വന്നു അവളെ തൊട്ട് അരുകിലിരുന്നു.

മണിക്കൂറുകള്‍ക്കുള്ളില്‍.... തീപോലെ ആ വാര്‍ത്ത പടരാന്‍ തുടങ്ങി. മുറിയ്ക്കുള്ളില്‍ വിറങ്ങലിച്ചൊടുങ്ങിയ സേതുലക്ഷ്മിയെക്കാണാന്‍ നാടിന്‍റെ നാനഭാഗത്ത്‌ നിന്നും ആളുകള്‍ എത്തി. പോലിസെത്തി. വീടിന് പുറത്ത് താല്‍ക്കാലികമായി മറച്ചുണ്ടാക്കിയ മറയ്ക്കുള്ളില്‍ സേതുലക്ഷ്മിയമ്മയുടെ ശരീരം കീറിമുറിയ്ക്കപ്പെട്ടു. വിശദമായ പരിശോധനകള്‍ക്കൊടുവില്‍ തുന്നിക്കെട്ടി അത് സ്വന്തക്കാര്‍ക്കായി വിട്ടുകൊടുത്ത് പോലീസും യാത്രയായി. അങ്ങിനെ അറുപത്തിയഞ്ചോളം വര്‍ഷം നീണ്ട ഒരു ജീവന്‍റെ യാത്ര അവിടെ അവസാനിച്ചു.

ഒടുവില്‍, അവിടെ വന്നു നിറഞ്ഞ സ്വന്തക്കാരുടെയും, ബന്ധുക്കളുടെയും, നാട്ടുകാരുടെയും ഒക്കെ സാന്നിധ്യത്തില്‍ സേതുലക്ഷ്മിയമ്മ ആ വീടിന്‍റെ തെക്കേ കോണില്‍ ഒരിടത്ത് കറുത്തിരുണ്ട പുകച്ചുരുളുകളായി മേഘങ്ങള്‍ക്കിടയില്‍ ഇടം നേടി. കുട്ടികള്‍ കല്യാണവീട്ടിലേതില്‍ എന്ന പോലെ അവിടമാകെ വട്ടം ചുറ്റിയോടി. ഓരോന്നായും, കൂട്ടംകൂട്ടമായും ഒഴിഞ്ഞുപോയ ജനങ്ങള്‍ക്കിടയില്‍ പിന്നെ അവശേഷിച്ചത് ബന്ധുക്കളും സ്വന്തക്കാരും ചുരുക്കം ചില അയല്‍വക്കക്കാരും മാത്രമായിരുന്നു. അവരില്‍ പ്രമാണിമാര്‍ മുറ്റത്ത് കൂടി. സമാധാനമായി തുടങ്ങിയ ചര്‍ച്ചകള്‍ ഒടുവില്‍ വാക്കേറ്റത്തിലും കൈയേറ്റത്തിലും ഒക്കെയായി. അവിടെയും സലിം മുന്‍കൈയെടുത്തു. അദ്ദേഹത്തെ ഭൂരിഭാഗം പേരും ബഹുമാനിച്ചത് കൊണ്ടാകാം അവരെല്ലാം തര്‍ക്കത്തില്‍ നിന്നും മാറി നിന്നു. എങ്കിലും ആരു പറഞ്ഞിട്ടും കേള്‍ക്കാതെ നാല് പേര്‍ അരങ്ങു തകര്‍ത്താടി. സഹി കെട്ടപ്പോള്‍ സലിം തന്നെ ഇടപെട്ടു. അയാള്‍ അവരോട് ചോദിച്ചു.

"സത്യദാസെ... നീ പറയുന്നത് കേട്ടാല്‍ തോന്നും ദേവു സേതുലക്ഷ്മീടെ മകളല്ല എന്ന്. നാല് പേര് കാണ്‍കെ നടത്തുന്ന ഒരു ചടങ്ങാണ്. രാജേശ്വരിയെപ്പോലെ അവള്‍ക്കും ഉണ്ട് ഒരു അവകാശം. അമ്മയ്ക്ക് വേണ്ടി... അതൊരു മകളുടെ കടമയല്ലേ..?? "

"എന്ത് കടമ. കൈയെത്തുംദൂരെ ചത്തുപുഴുത്തു കിടന്നിട്ടും അറിയാത്തോളാ... മോളാണ് പോലും മോള്... ത്ഫൂ..." പറഞ്ഞുകൊണ്ട് സത്യദാസ് നിലത്തേയ്ക്ക് ആഞ്ഞുതുപ്പി... എന്നിട്ടയാള്‍ പറഞ്ഞു. "അമ്മേം മോനെയും ഞങ്ങളൊരു ചടങ്ങിലും പങ്കെടുപ്പിക്കില്ല. അതല്ല അവര്‍ക്ക് വാശിയാണെങ്കില്‍ അവര് തന്നെ എല്ലാം നടത്തട്ടെ. ഞങ്ങള് ഇവിടെ മറ്റാരും കാണില്ല...".

സലിം അസഹനീയതയോടെ മുഖം തിരിച്ചു. രംഗം വല്ലാതെ വഷളായി തുടങ്ങിയതോടെ, അതുവരെ ഒന്നും മിണ്ടാതിരുന്ന അമര്‍ മുന്നോട്ട് വന്നു. മുറ്റത്തെ തിണ്ണയില്‍ ചുവരില്‍ ചാരിയിരുന്ന ദേവുവിനരുകില്‍ അവന്‍ വന്നു. അവളുടെ കണ്ണുകള്‍ കരഞ്ഞുതളര്‍ന്നിരുന്നു. മരണത്തില്‍ പോലും തനിയ്ക്ക് പിടിതരാതെ പ്രായശ്ചിത്തംചെയ്തു പോയ അമ്മയെ ഓര്‍ത്തവള്‍ ചലനമറ്റിരുന്നു. അമര്‍ മെല്ലെ അമ്മയോട് ചോദിച്ചു.

"എന്ത് വേണം അമ്മെ... ഇവരൊന്നിലും നമ്മളെ ചേര്‍ക്കില്ല എന്നാ പറയണേ... അമ്മ പറയ്‌. എന്തുവേണം എന്ന് അമ്മ പറയ്‌..."

അവന്‍റെ മുഖത്ത് നോക്കി തേങ്ങലോടെ അവള്‍ പറഞ്ഞു.

"വേണ്ട മോനെ... ഒരു തര്‍ക്കോം വേണ്ടാ... മരിച്ചിട്ടെങ്കിലും, അമ്മൂമ്മയുടെ ആത്മാവിനെങ്കിലും ശാന്തി കിട്ടട്ടെ. അവര് വിചാരിച്ചത് പോലെ തന്നെ ഇത് നടക്കട്ടെ.".

അതോടെ അമ്മയെ വിട്ടു അമര്‍ എഴുന്നേറ്റു. മുറ്റത്ത്‌ നിന്നു അവന്‍ അകലേയ്ക്ക് നടക്കാന്‍ തുടങ്ങി. കൂടി നിന്നവരെ കടന്നവന്‍ മുന്നോട്ട് പോകുമ്പോള്‍ പിന്നില്‍ നിന്നു വന്ന ചില വാക്കുകള്‍ അവനെ പിടിച്ചു നിര്‍ത്തി.

"ഹോ..!!! അമ്മ വേണ്ടെന്ന് പറഞ്ഞില്ലായിരുന്നുവെങ്കില്‍ അവനിപ്പോള്‍ എല്ലാം നടത്തിയേനെ..."

ആ വാക്കുകള്‍ കേട്ട ഭാഗത്തേയ്ക്ക് അമര്‍ തിരിഞ്ഞൊന്നു നോക്കി. സത്യദാസിന്‍റെ പുത്രന്‍ സത്യരാജ് ആയിരുന്നു അത്. തന്നോളം പോന്ന അവനെ രൂക്ഷമായി നോക്കിക്കൊണ്ട്‌ അമര്‍ തിരിഞ്ഞുനടന്നു. അമര്‍ അവനരുകിലേയ്ക്ക് വരുന്നത് കണ്ടിട്ടും അവന്‍ ഒരു ചുവട് പോലും പിന്നില്‍ വയ്ക്കാതെ അവിടെത്തന്നെ ഉറച്ചുനിന്നു. കരയുന്നുവെങ്കിലും അവിടെ നടക്കുന്ന രംഗങ്ങള്‍ സൂക്ഷ്മതയോടെ വീക്ഷിച്ചിരുന്ന ദേവു അതുകണ്ട് മെല്ലെ എഴുന്നേറ്റു. സത്യദാസ് മകനരുകിലേയ്ക്ക് എത്തി നിന്നു. അതിനു പുറകിലായി സത്യദാസിന്‍റെയും, രാജേശ്വരിയുടെയും, സെലീനയുടെയും ശമ്പളം പറ്റുന്ന രണ്ടുപേരും. അമര്‍ സത്യരാജിന്‍റെ മുന്നില്‍ വന്നു നിന്നു. അവന്‍റെ ശ്വാസം സത്യരാജിന്‍റെ മുഖത്തേയ്ക്ക് വീഴാന്‍ തുടങ്ങി. ചുവന്നുകലങ്ങിയ നാല് കണ്ണുകള്‍ ഇമകളടയ്ക്കാതെ പരസ്പരം പോരെടുത്തു. അതോടെ, സലിം അമറിന് പിന്നില്‍ വന്നു. അവന്‍റെ തോളില്‍ കൈവച്ചു. എന്നിട്ട് അവന്‍റെ കാതില്‍ പറഞ്ഞു.

"മോനെ... മരണവീടാണ്... വേണ്ടാ... ഇവിടെ വച്ചൊരു കൈയാങ്കളി വേണ്ട..."

അപ്പോഴേയ്ക്കും ദേവുവും അവനരുകില്‍ വന്നു. അവളുടെ കണ്ണുകള്‍ അമറിനോട് പറഞ്ഞു. അമര്‍ സത്യരാജിനെത്തന്നെ നോക്കിക്കൊണ്ട്‌ പിന്നോട്ട്മാറി. അങ്കക്കലി മാറാത്ത രണ്ടു പോര്കോഴികളെ പോലെ, യജമാനന്‍മാരുടെ കൈകളിലെന്ന പോല്‍ അവര്‍ കത്തുന്ന കണ്ണുകളുമായി പരസ്പരം നോക്കി. ഇതിനിടയില്‍ സത്യദാസ് ദേവുവിന്‍റെ ചലനങ്ങള്‍ നോക്കി നിന്നു. അവളുടെ സൗന്ദര്യം അവനെ പഴയകാല ഓര്‍മ്മകളിള്‍ കൊണ്ടെത്തിച്ചു. പെട്ടെന്ന് തന്നെ ദേവുവിന്‍റെ ശരീരത്തില്‍ നിന്നവന്‍ കണ്ണുകള്‍ എടുത്തു... രഘുവിന്‍റെ കാല്‍ച്ചുവട്ടില്‍ വീണുകിടന്ന അവന്‍റെ അന്നത്തെ അവസ്ഥ ഓര്‍മകളില്‍ കിടന്നു കരയാന്‍ തുടങ്ങി. അരുകില്‍ നിന്ന മകന്‍റെ ചെവിയില്‍ സത്യദാസ് പതുക്കെ പറഞ്ഞു.

"സമയമുണ്ട്... മോനെ ഇനിയും നമ്മുക്ക് സമയമുണ്ട്... എപ്പോഴും അമ്മയും സ്വന്തക്കാരും അവനു തുണയുണ്ടാകില്ല.. വരും അവന്‍ ഒറ്റയ്ക്ക് പുറത്തുവരും.. അതുവരെ കാത്തിരിക്കാം നമ്മുക്ക്..."

അച്ഛനേക്കാളും വാശിയും ആരോഗ്യവും ഉള്ള മകന് പക്ഷെ അതൊരു കുറച്ചിലായിരുന്നു. അവന്‍ അച്ഛന് അടുത്തേയ്ക്ക് തലചായ്ച്ചുകൊണ്ട് പറഞ്ഞു.

"എന്തിനാ അച്ഛാ... അവനെ ഒറ്റയ്ക്ക്...??? എനിക്കവനെ വേണം. എല്ലാരും കാണുന്നിടത്ത്. എന്നാല്‍ പിടിച്ചുമാറ്റാന്‍ അവന് ആരുമില്ലാത്ത ഒരിടത്ത്... അതാണെനിയ്ക്ക്‌ വേണ്ടത്..!!! കഴിയുമോ അച്ഛന്..? അങ്ങിനെ ഒരിടത്ത് അവനെക്കൊണ്ട്‌ തരാന്‍ പറ്റുമോ അച്ഛന്...??

സത്യദാസ് മകന്‍റെ തോളില്‍ തട്ടിക്കൊണ്ടു പറഞ്ഞു.

"മോന്‍.. സമാധാനമായിരിക്ക്... അച്ചനില്ലേ ജീവനോടെ. അച്ഛന്‍ കൊണ്ടെത്തരാം അവനെ. അങ്ങിനെ ഒരിടത്ത് അച്ഛന്‍ കൊണ്ടെതരാം അവനെ..."

അപ്പോഴേയ്ക്കും അമര്‍ സത്യരാജില്‍ നിന്നും നോട്ടം പിന്‍വലിച്ചു അമ്മയെ നോക്കി നില്‍ക്കുകയായിരുന്നു. എന്നിട്ടും കലിയടങ്ങാത്തവനെപ്പോലെ സത്യരാജ് അമറിനെത്തന്നെ രൂക്ഷമായി നോക്കി നിന്നു. അവന്‍ സത്യദാസിനോട് പറഞ്ഞു.

"അച്ഛാ... എന്‍റെ ഒരു നോട്ടത്തിന് പോലും നേരെ നിന്ന് നോക്കാന്‍ കഴിയാത്ത അവന്‍.... !!!! സത്യരാജ് പുശ്ചത്തില്‍ ചിറികോട്ടി.

അവര്‍ നാലുപേരും അത് പറഞ്ഞു ആഘോഷിക്കുകയായിരുന്നു. ഒരു മരണവീടെന്ന ചിന്തപോലും വെടിഞ്ഞ് അവര്‍ പൊട്ടിച്ചിരിച്ചു. അപ്പോഴെല്ലാം സലീമും ദേവുവും അമറിനെ അനുനയിപ്പിക്കുകയായിരുന്നു. ഒടുവില്‍ അമര്‍ സലീമിനോട് പറഞ്ഞു.

"ഉപ്പൂപ്പാ പേടിക്കണ്ടാ... ഞാനായിട്ട് ഒന്നിനും പോകില്ല..."

അതുമതി മോനെ... ഉപ്പൂപ്പായ്ക്കും അമ്മയ്ക്കും അതുമതി. സലിം അവനെ സ്നേഹത്തോടെ ചേര്‍ത്ത് നിര്‍ത്തി.

(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ