2014 ഓഗസ്റ്റ് 4, തിങ്കളാഴ്‌ച

ദേവദാരുവിന്നരികത്ത്‌.....42

സത്യരാജ് ഇളിഭ്യനായി സെലീനയുടെ മുന്നിലെ കസേരയിലേയ്ക്കിരുന്നു. അവന്‍റെ വിഷമം മനസ്സിലാക്കിത്തന്നെ സെലീന പറഞ്ഞു.

"നീ എടുത്തുചാട്ടം കാണിക്കാന്‍ പാടില്ലായിരുന്നു. എനിക്കുറപ്പുണ്ട്. അവള്‍ക്കറിയാം അമര്‍ എവിടെയുണ്ടെന്ന്. നമ്മുക്ക് അറിയാത്തതും അത് തന്നെയാണ്. എങ്കില്‍ നമ്മുക്ക് അറിയേണ്ടതും അത് തന്നെയാണ്. ഒരു ബലപ്രയോഗത്തിലൂടെ അവളില്‍ നിന്നും കാര്യങ്ങള്‍ ഗ്രഹിചെടുക്കുക പ്രയാസമാണ്. അത് നിനക്കറിയില്ലേ സത്യരാജ്. എങ്ങിനെയെങ്കിലും തഞ്ചത്തില്‍ അവളില്‍ നിന്നത് മനസ്സിലാക്കണം. അതിലായിരുന്നു നീ മിടുക്ക് കാട്ടേണ്ടിയിരുന്നത്. ഹും, ഇനിയേതായാലും സംഭവിച്ചത് സംഭവിച്ചു. നിങ്ങള്‍ എല്ലാപേരും ഒന്ന് സമാധാനമായി ഇരിക്ക്. അവളെ പറഞ്ഞു മനസ്സിലാക്കി, സമാധാനിപ്പിച്ച് ഞാനൊന്നു ശ്രമിച്ചു നോക്കട്ടെ.."

"അപ്പോള്‍ ഇനി നമ്മള്‍ തീരുമാനിച്ച കാര്യത്തെക്കുറിച്ച് പറയ്‌ സെലീന..." സത്യദാസ് ചോദിച്ചു.

"അതെ, അത് നടക്കട്ടെ സത്യേട്ടാ... ഇവര് രണ്ടുപേരും സത്യരാജും കൂടി അവനെ ഒന്നുകൂടി തിരഞ്ഞുപോകട്ടെ.."

സെലീനയുടെ വാക്കുകേട്ട് സത്യരാജും രണ്ടു കൂട്ടാളികളും എഴുന്നേറ്റു നിന്നു. അപ്പോള്‍ അവരെ ഒന്ന് നോക്കിയിട്ട് സെലീന അടുക്കളയുടെ ഭാഗത്തേയ്ക്ക് നോക്കി വിളിച്ചു.

"ബാലാ.................."

"എന്തോ..?" വിളികേട്ടുകൊണ്ട് ബാലന്‍ അടുക്കളയുടെ അകത്തുനിന്നും ഹാളിലേയ്ക്ക് വന്നു. അവരുടെ മുന്നില്‍ വന്നയാള്‍ ഭവ്യതയോടെ നിന്നു. അപ്പോള്‍ സെലീന അരുകിലെ ഷെല്‍ഫിലേയ്ക്ക് നോക്കി തലയൊന്നു തിരിച്ചുകൊണ്ട് പറഞ്ഞു.

"ആ വണ്ടീടെ ചാവിയെടുത്ത് സത്യരാജിന് കൊടുക്ക്‌..."

സത്യരാജും കൂട്ടാളികളും പുറത്തേയ്ക്ക് പോയിക്കഴിഞ്ഞപ്പോള്‍ അവിടെ സെലീനയും സത്യദാസും മാത്രമായി. അതോടെ സെലീന സത്യദാസിന്‍റെ അരുകിലേയ്ക്ക് മാറിയിരുന്നു. അയാളില്‍ ചേര്‍ന്നിരുന്നുകൊണ്ട് സ്വരം വളരെ താഴ്ത്തി അവള്‍ പറഞ്ഞു.

"സത്യേട്ടാ... അവന്‍ എവിടേലും ജീവിച്ചിരുപ്പുണ്ടെങ്കില്‍ ഇവളെയും ഇങ്ങേരെയും കാണാന്‍ അവന്‍ വരും. എങ്കില്‍പ്പിന്നെ അങ്ങിനെ ഒരു കാര്യം ചിന്തിച്ചുകൂടെ നമ്മുക്ക്. അങ്ങിനെ സംഭവിച്ചാല്‍ ആരും കാണാതെ, ആരും കാണാതെ കൊന്നുതള്ളിക്കൂടെ അവനെ.."

"അതിപ്പോള്‍... അങ്ങിനെ നമ്മള്‍ കാത്തിരുന്നാല്‍ എത്ര കാലംന്നു വച്ചാ... അതുമല്ല സത്യരാജ് പറഞ്ഞ കാര്യങ്ങള്‍ വച്ച് നോക്കിയാല്‍, അഥവാ അവന്‍ ജീവിച്ചിരുന്നാല്‍ തന്നെ അത്ര പെട്ടെന്നൊന്നും ഇവിടെ വരാന്‍ അവനു ഇനി കഴിയില്ല... സെലീനാ..."

പറഞ്ഞുകൊണ്ട് അയാള്‍ അവളുടെ കണ്ണുകളിലേയ്ക്ക് നോക്കി. അപ്പോഴേയ്ക്കും അയാളുടെ ശ്വാസം അവളുടെ മുഖത്തേയ്ക്കു പതിയ്ക്കാനും തുടങ്ങി. സെലീന കണ്ണുകള്‍ തുടരെത്തുടരെ അടച്ചു. സത്യദാസ് അവളോട് കുറച്ചുക്കൂടി ചേര്‍ന്നിരുന്നു. അയാളുടെ കൈകള്‍ സെലീനയെ ആവേശത്തോടെ സ്പര്‍ശിക്കാന്‍ തുടങ്ങി. സത്യദാസ് കൈകള്‍ കൊണ്ടവളെ തന്നിലേയ്ക്ക് ചേര്‍ത്ത് പിടിച്ചു. എന്നിട്ട് വികാരാവേശത്താല്‍ പറഞ്ഞു.

"അമര്‍... അമര്‍.... അവന്‍റെ നാമം നമ്മുക്കിടയില്‍ കേട്ടു തുടങ്ങിയതില്‍ പിന്നെ, നമ്മള്‍... നമ്മളൊന്ന് സന്തോഷിച്ചിട്ട് എത്ര നാളായി സെലീന.."

സത്യദാസിന്‍റെ വാക്കുകള്‍ കേട്ട് സെലീനയും പരിസരം മറന്ന്‍ ഏതോ ലോകത്തേയ്ക്ക് യാത്രയാകാന്‍ തുടങ്ങി. അവളുടെ കണ്ണുകള്‍ മെല്ലെയടഞ്ഞു. ചുണ്ടുകള്‍ അയാളുടെ വിരല്‍സ്പര്‍ശം തേടി വിതുമ്പി നിന്നു. സത്യദാസിന്‍റെ വിരലുകള്‍ അവളുടെ കവിളുകള്‍ തഴുകിവന്നു ചുണ്ടുകളില്‍ സ്പര്‍ശിക്കുമ്പോള്‍ സെലീന പെട്ടെന്ന് അയാളുടെ കൈ പിടിച്ചുമാറ്റി. എന്നിട്ട് അയാളുടെ കണ്ണുകളില്‍ നോക്കി പറഞ്ഞു.

"വേണ്ട... സത്യേട്ടാ.. വേണ്ട... അവളുണ്ടിവിടെ... ഇവിടെ, അപ്പുറത്ത് അടുക്കളയില്‍...ബാലന്‍..!!! അവളുടെ വാക്കുകള്‍ മുറിഞ്ഞുവീഴാന്‍ തുടങ്ങി. അതോടെ സത്യദാസ് സോഫയില്‍ നിന്നും പെട്ടെന്ന് എഴുന്നേറ്റു. പിന്നെ ഭ്രാന്തമായ ആവേശത്തോടെ സെലീനയുടെ കൈയില്‍ പിടിച്ചയാള്‍ അവളുടെ മുറിയിലേയ്ക്ക് നടക്കാന്‍ തുടങ്ങി. അനുസരണയോടെ, എഴുന്നേറ്റ് അയാള്‍ക്കൊപ്പം നടക്കാനേ അവള്‍ക്കായുള്ളൂ. അവര്‍ രണ്ടുപേരും മുറിയിലേയ്ക്ക് കയറി വാതിലടയ്ക്കുമ്പോള്‍, ഫസിയ പുറത്ത് ഉറഞ്ഞുകൂടാന്‍ തുടങ്ങിയ ഇരുളില്‍, ജനാലയ്ക്കരുകില്‍ നിന്നും ഈ കാഴ്ച കണ്ടു മുഖം പൊത്തി, അതിനരുകിലെ ചുവരിലേയ്ക്ക് മാറി നിന്നു വിതുമ്പാന്‍ തുടങ്ങി.

ഇരുളിനെ ഭക്ഷിച്ചു മത്തുപിടിച്ച ഭൂമി മയക്കത്തിലായ പോലെ. വൃക്ഷങ്ങള്‍ നിശ്ചലം നിന്നു. ഒരു പുല്‍ക്കൊടിത്തുമ്പിലും കാറ്റ് സ്പര്‍ശിച്ചില്ല. ചില്ലകളില്‍ നിന്നും മണ്ണില്‍ വീണടിഞ്ഞ ഉണങ്ങിയ ഇലക്കള്‍ക്കടിയില്‍ നിന്നും ചീവീടുകള്‍ ഘോരഘോരം വിളിക്കാന്‍ തുടങ്ങി. മഴ വരുന്നുണ്ട് എന്ന് വിളിച്ചറിയിച്ചുകൊണ്ട് ഒരുപറ്റം തവളകള്‍ അകലെയേതോ വെള്ളക്കെട്ടില്‍ മത്സരിച്ചുവിളിച്ചുകൊണ്ടിരുന്നു. അങ്ങകലെ പള്ളിയില്‍ നിന്നും ഇഷാനമസ്കാരത്തിനുള്ള ബാങ്ക് വിളി ഉയര്‍ന്നുകേള്‍ക്കാന്‍ തുടങ്ങി. കണ്ണീര് നിറഞ്ഞ കണ്ണുകള്‍ മെല്ലെ കൈപ്പത്തികൊണ്ട് തുടച്ചവള്‍ തിടുക്കത്തില്‍ അകത്തേയ്ക്കോടി. പടികള്‍ ഓടിക്കടന്നു അകത്ത് സ്വന്തം മുറിയിലെത്തി കിടക്കയിലേയ്ക്ക് തലചായ്ക്കുമ്പോള്‍ അവള്‍ ചിന്തിച്ചു...

"വേണ്ടിയിരുന്നില്ല. ഈ മറുജന്മം എനിക്ക് വേണ്ടിയിരുന്നില്ല..." തലയണയില്‍ മുഖം ചേര്‍ത്തവള്‍ വിതുമ്പാന്‍ തുടങ്ങി.

ഇരുളില്‍, അമറിനെ തേടി സത്യരാജും കൂട്ടാളികളും തളര്‍ന്നു. റോഡില്‍ നിന്നും താഴേയ്ക്ക് ചരിഞ്ഞുകിടന്ന ഭൂമിയില്‍ പടര്‍ന്നു നിന്ന ഒരു മരത്തിന്‍റെ ചുവട്ടില്‍ അവര്‍ വിശ്രമിക്കാന്‍ തുടങ്ങി. താഴെ ഒരു കുളിരരുവി പായുന്നത് അവര്‍ക്ക് കേള്‍ക്കാം. കാടിന്‍റെ നടുവിലെവിടെയോ തീകത്തുന്നതും പുകയുയരുന്നതും ഒക്കെ അവര്‍ക്ക് കാണാം. അത് കണ്ടു സത്യരാജ് കൂട്ടാളികളോട് പറഞ്ഞു.

"ഇനിയെങ്ങാന്‍ അവന്‍ അവരുടെ കൈയില്‍ പെട്ട് അവിടെയെവിടെയെങ്കിലും ഉണ്ടാവുമോ..???

അപ്പോള്‍ അതിലൊരാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. "എന്‍റെ സത്യരാജേട്ടാ.. കടുവയും പുലിയും ഒക്കെയുള്ള കാടാ... പോരെങ്കില്‍ ഇവിടെയുള്ള ചില ഗോത്രക്കാര്‍ ആളോളെ വരെ തിന്നും ന്നു കേട്ടിട്ടുണ്ട്... അത് വേണോ..?

സത്യരാജ് അവനെ നോക്കി പുശ്ചത്തില്‍ ചിരിച്ചു. എന്നിട്ട് പറഞ്ഞു. "നിനക്കെന്താ വട്ടുണ്ടോ??? അതും ഇക്കാലത്ത്. മനുഷ്യനെ കൊന്നുതിന്നേ.... അതൊക്കെ നടക്കുന്ന കാര്യാണോ? എന്നിട്ടവന്‍ തുടര്‍ന്നു. നീ പറഞ്ഞത്കൊണ്ട് ഭയന്നു പോകാതിരിക്കുകയാണ് എന്ന് കരുതരുത്. അങ്ങിനെയെങ്കില്‍ അവനെ നമ്മള്‍ അവിടെ തേടിപ്പോകേണ്ട ആവശ്യം ഇല്ലല്ലോ. അവനെ അവരിപ്പോള്‍ തിന്നുകാണില്ലേ? ഹി ഹി ... അവന്‍ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി.

സത്യേട്ടാ.. അവന്‍ ജീവിച്ചിരിക്കും എന്ന് എനിക്ക് യാതൊരു ഉറപ്പും ഇല്ല. അമ്മാതിരി വെട്ടല്ലേ അവനു കൊണ്ടത്. ഇവിടെ എവിടേലും വീണു കിടന്നാല്‍ തന്നെ വല്ല നരിയോ, കടുവയോ അവനെ എന്നേ തിന്നിരിക്കും. ഇവിടെ ഇങ്ങനെ നോക്കി സമയം കളയാതെ നമ്മുക്ക് പോകാന്‍ നോക്കാം. അവര്‍ തിരച്ചില്‍ മതിയാക്കി വീട്ടിലേയ്ക്ക് യാത്ര തിരിച്ചു. നേരം അപ്പോഴേയ്ക്കും പുലരാന്‍ തുടങ്ങിയിരുന്നു.

സെലീനയുടെ മുറിയിലെ അന്തിയുറക്കം കഴിഞ്ഞു സത്യദാസ് പുലരുംമുന്‍പേ പോയിരുന്നു. രാവിലേറെനേരം കണ്ണുനീര്‍ വാര്‍ത്ത്, പുലരാന്‍ തുടങ്ങുന്ന സമയത്തില്‍ എപ്പോഴോ കണ്ണുകളില്‍ ഉറക്കം തട്ടിത്തടഞ്ഞ് ഫസിയ കിടക്കയില്‍ തളര്‍ന്നു വീണിരുന്നു. ബാലന്‍ പതിവുപോലെ ബഷീറിനെ നനച്ചു തുടച്ചു, ചായ നല്‍കി. രാത്രിയുടെ ആലസ്യം വിട്ട് സെലീന എഴുന്നേറ്റു പുറത്തേയ്ക്ക് വന്നു. പ്രഭാതകൃത്യങ്ങള്‍ ഒക്കെ കഴിഞ്ഞു അവള്‍ സോഫയില്‍ വന്നിരുന്നു. ബാലന്‍ കൊണ്ടുവന്നു കൊടുത്ത ചായ കുടിച്ചിട്ടവള്‍, തിടുക്കത്തില്‍ മേശമേല്‍ കിടന്ന ന്യൂസ്‌പേപ്പര്‍ എടുത്തു പേജുകള്‍ മറിച്ചുമറിച്ച് നോക്കി. അന്നും അമറിന്‍റെ തിരോധാനം സംബന്ധിച്ച ഒരു വാര്‍ത്തപോലും അതില്‍ ഉണ്ടായിരുന്നില്ല. അവള്‍ പത്രം മടക്കി മേശയുടെ പുറത്തേയ്ക്കിട്ട് സോഫയിലേയ്ക്കു ചാരിയിരുന്നു. കണ്ണുകള്‍ പൂട്ടിയിരുന്ന അവളുടെ ചിന്ത മുഴുവന്‍ അവനെക്കുറിച്ച് ഒരു വാര്‍ത്തപോലും വരാത്തതില്‍ ആയിരുന്നു. അവളങ്ങിനെ ചിന്തിച്ചിരിക്കെ സത്യരാജും കൂട്ടരും അവിടെയ്ക്ക് കയറിവന്നു. പതിവ് പോലെ ചര്‍ച്ചകള്‍ക്കൊടുവില്‍ സെലീന താടിയ്ക്ക് കൈയും കൊടുത്ത് ഇരുപ്പായി. ആരോടെന്നില്ലാതെ അവള്‍ പറഞ്ഞു.

"ഇനിയിപ്പോള്‍ എന്താ ചെയ്ക.... എവിടെപ്പോയി അന്വേഷിക്കും...."

സത്യരാജും കൂട്ടാളികളും മെല്ലെ അവിടുന്ന് എഴുന്നേറ്റു പുറത്തേയ്ക്ക് പോയി. അവിടത്തെ അതിഥിമന്ദിരത്തില്‍ കയറിയ അവര്‍ മൂവരും ഉറങ്ങാനുള്ള തയ്യാറെടുപ്പുകളില്‍ ആയിരുന്നു.

അമറിന്‍റെ ദിവസവും ഉള്ള ഫോണ്‍ വിളി അല്ലാതെ ദേവുവിനും വിജയമ്മയ്ക്കും സലിമിനും അവനെക്കുറിച്ച് മറ്റൊരു വിവരവും ഇല്ലായിരുന്നു. ഒരിക്കല്‍ ദേവു ചോദിച്ചപ്പോള്‍ അവന്‍ പറയുകയും ചെയ്തു.

"ന്‍റെ...ദേവൂമ്മാ... ഇങ്ങനെ വിഷമിച്ചാലോ... ഇതേ വളരെ രഹസ്യസ്വഭാവം ഉള്ള ഒരു റിപ്പോര്‍ട്ടാണ്. ഞാന്‍ എവിടെയാണ് എന്ന് എന്‍റെ പത്രാധിപര്‍ക്ക് പോലും അറിയില്ല. പത്രാധിപരോടും ഞാന്‍ പറഞ്ഞിരിക്കുന്നത് ഈയൊരു വിവരം തന്നെയാണ്." അവന്‍റെ ഈ വാക്കുകള്‍ക്കു മേലെ പിന്നെ ദേവുവിന് ഒരു ചോദ്യം ഉണ്ടായിരുന്നില്ല. രഹസ്യസ്വഭാവം ഉള്ള ഒരു റിപ്പോര്‍ട്ട്, പത്രത്തിന്‍റെ പ്രചാരത്തെ കൂട്ടും എന്നും, അമറിന്റെ കഴിവിലെ വിശ്വാസം കൊണ്ടും അവന്‍ എവിടെയാണ്, എന്താണെന്ന് പത്രാധിപര്‍ ആരോടും പറഞ്ഞതും ഇല്ല....

അങ്ങിനെ ദേവുവും വിജയമ്മയും, ഫസിയയും ബഷീറും, സലീമും നബീസുവും, സെലീനയും സത്യദാസും, സത്യരാജും കൂട്ടാളികളും അതിലുപരി രാജേശ്വരിയും അമറിന്‍റെ വരവ് തേടി കാത്തിരുന്നു. ദിവസങ്ങള്‍ അങ്ങിനെ പലത് കഴിഞ്ഞു. സെലീനയുടെ വീട്ടില്‍, ഓരോ രാവും പകലും ഫസിയ ഭയപ്പാടോടെയാണ് ജീവിച്ചത്. എപ്പോഴാണ് തന്‍റെ ദേഹത്ത് അച്ഛന്‍റെയോ, മകന്‍ സത്യരാജിന്‍റെയൊ കൈ വീഴുകയെന്ന് അവള്‍ക്കൂഹിക്കാന്‍ പോലും കഴിഞ്ഞില്ല. എല്ലാ രാത്രിയും സെലീനയും മറ്റു നാല് പേരുമൊത്ത്കൂടി എന്തൊക്കെയോ പദ്ധതികള്‍ രൂപം ചെയ്തുകൊണ്ടിരുന്നു. എന്തൊക്കെ ചെയ്തിട്ടും, അമറിനെക്കുറിച്ചൊരു വാര്‍ത്തപോലും അവര്‍ക്കറിയാന്‍ കഴിഞ്ഞില്ല. രാജേശ്വരി സെലീനയെ അറിയിച്ചതനുസരിച്ച്, ദേവുവും വിജയമ്മയും സാധാരണപോലെയാണ് ജീവിക്കുന്നത് എന്നും, അമര്‍ അവിടെ വന്നുപോകുന്നില്ല എന്നും അവള്‍ക്കു മനസ്സിലാക്കാന്‍ കഴിഞ്ഞു. അമര്‍ ജീവനോടെയുണ്ട് എന്ന സെലീനയുടെ സംശയങ്ങള്‍ അങ്ങിനെ ഒന്നുകൂടി ഉറച്ചു എന്ന് പറയുന്നതാകും ശെരി.

അമര്‍ എല്ലാവരില്‍ നിന്നും മറഞ്ഞിട്ട്, മാസം മൂന്ന് കഴിഞ്ഞു. അവന്‍റെ ഓരോ വിളിയിലും ദേവു വല്ലാതെ പരിഭവിച്ചു. ഒടുവില്‍, ഒരു ദിവസം അവള്‍ ദേഷ്യത്തോടെ അമറിനോട് പറഞ്ഞു.

"ഇങ്ങനെ, ഇങ്ങനെ ഒരു റിപ്പോര്‍ട്ടോ... എന്താടാ ഇതിനര്‍ത്ഥം. നിന്‍റെ അമ്മയല്ലേ ഞാന്‍. നിനക്കിങ്ങനെ എന്നോട് എങ്ങിനെ പെരുമാറാന്‍ കഴിയുന്നടാ. നീ ജനിച്ചിത്രേം കാലം ഞാന്‍ നിന്നെ പിരിഞ്ഞിരുന്നിട്ടില്ല. അറിയ്യോ.!! നിനക്ക്. എങ്ങിനെ അറിയാനാ... നീയെന്നെ സ്നേഹിക്കുന്നുവെങ്കിലല്ലേ നിനക്കത് മനസ്സിലാകൂ..."

അവനെ ചൊടിപ്പിക്കാനാണ് അവളിത് പറഞ്ഞത് എങ്കിലും, ദേവുവിന്‍റെ ഈ വാക്കുകള്‍ കേട്ട്, ഫോണിലൂടെയുള്ള അവന്‍റെ ഒരു തേങ്ങല്‍ അവളുടെ നെഞ്ച് പിളര്‍ത്തി. അവളുടെ സ്നേഹം, ഫോണിലൂടെയുള്ള സങ്കടം പറച്ചില്‍, അവനോടുള്ള കരുതല്‍ എല്ലാം തന്നെ സലീമിനെയും നബീസുവിനെയും കരയിപ്പിച്ചു. സംസാരിച്ചു തീര്‍ന്നു സലീമിന്‍റെ കൈയിലേയ്ക്ക് ഫോണ്‍ കൊടുക്കുമ്പോള്‍ ദേവു നിറകണ്ണുകളോടെ അവരെ നോക്കി. ഇരുവരുടെയും കണ്ണു നിറഞ്ഞിരിക്കുന്നത് കണ്ടു ദേവു ചോദിച്ചു.

"എന്താ സലിംബാപ്പ... എല്ലാരും കരയുകയാണോ?

അവളോട്‌ മറുപടി പറയാന്‍ അയാള്‍ക്ക്‌ കഴിഞ്ഞില്ല. മറ്റൊന്നും അയാള്‍ ചിന്തിച്ചതും ഇല്ല. "ന്‍റെ പൊന്നുമോളെ... എന്ന് പറഞ്ഞുകൊണ്ട് അയാള്‍ ദേവുവിനെ കെട്ടിപ്പിടിച്ചു. അപ്പോഴേയ്ക്കും ബാപ്പാന്റെ നെഞ്ചില്‍ ചേര്‍ന്ന് നില്‍ക്കുന്ന ദേവൂനെ ചുമലിലൂടെ തഴുകി നബീസു ഉമ്മയും അവളിലേയ്ക്ക് ചേര്‍ന്ന് നിന്നു. ഒടുവില്‍, മണ്ണില്‍ ഇരുള് വീഴുമ്പോഴേയ്ക്കും ദേവു വീട്ടിലേയ്ക്ക് നടന്നു. ആ നടപ്പില്‍ അമറിനെ താലോലിച്ച ആ നാളുകള്‍ അവളുടെ ഓര്‍മകളില്‍ പാഞ്ഞെത്തി. അവനെ ചേര്‍ത്ത് പിടിച്ച് ഉറക്കമില്ലാതെ, കണ്ണീര്‍ വാര്‍ത്ത ആ രാവുകളുടെ ഓര്‍മ്മകള്‍, അതില്‍ മയങ്ങി ദേവു നടന്നകന്നു....

അതേസമയം സെലീനയുടെ വീട്ടില്‍, ബഷീര്‍ അയാളുടെ മുറിയില്‍ ചിന്തയിലാണ്ട് കിടന്നു. അയാളുടെ ഉള്ളം എപ്പോഴും അമറിനെക്കാണാന്‍ കൊതിച്ചിരുന്നു. ഫസിയ സ്വന്തം മുറിയില്‍ മേശമേല്‍ തലചായ്ച്ചിരുന്നു. അമര്‍ എവിടെയോ ഉണ്ട് എന്നല്ലാതെ അവന്‍റെ സ്വരംപോലും അവള്‍ കേട്ടിട്ട് മാസം പലത് കഴിഞ്ഞിരുന്നു. ചിന്തയിലാണ്ട്, നേരം പോയതൊന്നും അറിയാതെ അതില്‍ ചാരി അവള്‍ മയങ്ങി. രാവിലും പകലിലും ഊണും ഉറക്കവും ഒന്നും ഇല്ലാതെ അവള്‍ നന്നേ ക്ഷീണിച്ചിരുന്നു. സെലീന നിശാക്ലബില്‍ പോയി ഇതുവരെ തിരികെ വന്നില്ല. ഒരുപക്ഷെ, ഇനിയവള്‍ വരുന്നത് രാവിന്‍റെ അന്ത്യയാമങ്ങളില്‍ എപ്പോഴെങ്കിലും ആയിരിക്കും. സെലീനയുടെ കൂട്ടാളികള്‍ പുറത്തെ മന്ദിരത്തില്‍, മുറിയ്ക്കകത്താണ്.

അസമയത്ത്, സത്യരാജ് ഇരുളില്‍ ആ വീട്ടിലേയ്ക്ക് കയറി വന്നു. അടഞ്ഞുകിടന്ന മുന്‍വാതില്‍ മെല്ലെത്തുറന്നു അയാള്‍ തല അകത്തേയ്ക്കിട്ടു ഒന്ന് വീക്ഷിച്ചു. ഹാളിലൊന്നും ആരെയും കാണാതെ അയാള്‍ ബാലനെ അന്വേഷിച്ച് അടുക്കള വാതിനടുത്തു ചെന്നു. ബാലന്‍ വീട്ടുജോലിയെല്ലാം കഴിഞ്ഞു അടുക്കളയുടെ പിന്‍വശത്തെ ചായ്പ്പില്‍ പായ വിരിച്ചുകൊണ്ട് നില്‍ക്കുന്നത് അവന്‍ കണ്ടു. അതുകണ്ട് സത്യരാജ് തിരികെയോടിവന്ന് സോഫയുടെ പിന്നില്‍ മറഞ്ഞിരുന്നു. പായ വിരിച്ചു കഴിഞ്ഞു മുന്‍വശത്തെ വാതില്‍ താഴിട്ട് ബാലന്‍ അടുക്കളയിലേയ്ക്ക് കടന്നു ആ വാതിലും ചാരി വിളക്കുകള്‍ അണച്ച് ഉറങ്ങാന്‍ കിടന്നു. സത്യരാജ് സോഫയുടെ പിന്നില്‍ നിന്നും എഴുന്നേറ്റ് വന്നു അതിലേയ്ക്ക് തന്നെ ഇരുന്നു. അതിലിരുന്നുകൊണ്ട്, ഹാളിലെ ചെറുവെളിച്ചത്തില്‍ കാലുകള്‍ നീട്ടി അരുകില്‍ കിടന്ന ചെറിയ മേശമേല്‍ വച്ചു. ആ ഇരുപ്പില്‍ മുകളില്‍, ഫസിയയുടെ മുറിയില്‍ തെളിഞ്ഞുനില്‍ക്കുന്ന പ്രകാശം അവനു കാണാമായിരുന്നു.

സമയം കുറച്ചുകൂടി കഴിഞ്ഞു. എങ്ങും നിശബ്ദത തളം കെട്ടി. സത്യരാജ് ഇരിപ്പിടത്തില്‍ നിന്നും മെല്ലെ എഴുന്നേറ്റു. ഒച്ചയൊന്നും ഉണ്ടാക്കാതെ അയാള്‍ ഓരോ പാദവും ഓരോ പടിമേലെയും വച്ച് മുകളിലേയ്ക്ക് കയറാന്‍ തുടങ്ങി. മുകളിലെ ബാല്‍ക്കണിയില്‍ നിന്നുകൊണ്ട് അവന്‍ താഴെ ഹാളിലേയ്ക്ക് ചുറ്റും ഒന്ന് കണ്ണോടിച്ചു. പിന്നെ ശബ്ദം ഉണ്ടാകാതെ ഫസിയയുടെ മുറിയില്‍ പ്രവേശിച്ച് വാതില്‍ മെല്ലെ താഴിട്ടു. മേശമേല്‍ തളര്‍ന്നുറങ്ങുകയായിരുന്ന ഫസിയ തന്‍റെ പിന്നിലൊരാള്‍ വന്നു നില്‍ക്കുന്നത് അറിഞ്ഞിരുന്നതേയില്ല.

(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ