ദേവദാരുവിന്നരികത്ത്.....48
സത്യദാസ് തനിക്കരുകിലെത്തിയതോടെ സെലീന അയാളെ നോക്കി പൊട്ടിക്കരയാന്‍ തുടങ്ങി. ഒന്നും മനസ്സിലാകാതെ അവിടെ നിന്നവരുടെ മുഖങ്ങളിലേയ്ക്ക് അയാള്‍ മാറിമാറി നോക്കി. ആ ഒരു നിമിഷം അയാളോട് ആരും ഒന്നും മിണ്ടിയില്ല. അതോടെ സത്യദാസിന്‍റെ മനസ്സ് ചാഞ്ചല്യപ്പെടാന്‍ തുടങ്ങി. അയാള്‍ കൂടിനിന്നവരുടെ ഇടയിലെല്ലായിടത്തും സത്യരാജിനെ തേടാന്‍ തുടങ്ങി. എവിടെയും അവനെ കാണാതിരുന്നതോടെ അയാള്‍ ഗോപുവിന് നേരെ തിരിഞ്ഞുകൊണ്ട് ചോദിച്ചു.
"ഗോപു... എവിടെയാടാ അവന്‍..??? എന്‍റെ മോന്‍ സത്യരാജ്...??? സത്യദാസിന്‍റെ ചോദ്യം കേട്ടു ഏവരും ഒന്ന് അന്തിച്ചുനിന്നു. ആരില്‍ നിന്നും മറുപടി കിട്ടാതെ വന്നപ്പോള്‍ അയാള്‍ ആരോടെന്നില്ലാതെ ആകെ അസ്വസ്ഥനായി പറഞ്ഞു.
"ആരേലും ഒന്ന് വാ തുറക്ക്... എന്‍റെ മോനെവിടെ..."
പിന്നീട് ഒന്നും പറയാതിരിക്കാന്‍ സെലീനയ്ക്ക് കഴിഞ്ഞില്ല. പൊട്ടിക്കരഞ്ഞുകൊണ്ടവള്‍ അയാളുടെ മുഖത്ത് നോക്കി പറഞ്ഞു.
"സത്യേട്ടാ... അവന്‍...അവന്‍ പോയി സത്യേട്ടാ..!! നമ്മളെ എല്ലാരേം വിട്ടവന്‍ പോയി സത്യേട്ടാ..."
പാഞ്ഞുവന്ന വാള്‍മുനയാല്‍ ഞെട്ടറ്റ ഒരു പുല്‍ക്കൊടിത്തുമ്പ് പോലെ അയാളാ മണ്ണില്‍ വീണു വിതുമ്പാന്‍ തുടങ്ങി... പിന്നെ ഒരുനിമിഷം കൊണ്ടയാള്‍ ചാടിയെഴുന്നേറ്റു. അലറിക്കരഞ്ഞുകൊണ്ട് സത്യദാസ് ചോദിച്ചു.
"എവിടെ... എന്‍റെ മോന്‍ എവിടെ...?? എന്‍റെ പൊന്നുമോന്‍ എവിടെ..??? എനിക്കവനെ ഒന്ന് കാണണം..."
അപ്പോഴേയ്ക്കും സബ് ഇന്‍സ്പെക്ടര്‍ വന്നു സത്യദാസിനെ പിടിച്ചു. അയാളെ, സമാധാനിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ലായിരുന്നു. സെലീനയുടെ കൂട്ടാളികളും അപ്പോഴേയ്ക്കും സത്യദാസിനരുകില്‍ കൂടി. ഗസ്റ്റ് ഹൗസിലെ കിടക്കയിലേയ്ക്ക് അവര്‍ ഏവരും ചേര്‍ന്ന് അയാളെ കൊണ്ട് കിടത്തി. സത്യദാസ് അവിടെക്കിടന്നു തേങ്ങാന്‍ തുടങ്ങി.
**********
സമയം നീങ്ങാന്‍ തുടങ്ങി. പോലീസ് വണ്ടിയും അവിടെ നിന്നും പുറത്തേയ്ക്ക് പോയി. ബാക്കിയുണ്ടായിരുന്ന ആളുകളും പിരിഞ്ഞുപോകാന്‍ തുടങ്ങി. ഒടുവില്‍ സത്യദാസിനെയും കൂട്ടി സെലീനയും കൂട്ടാളികളും രാജേശ്വരിയുടെ അടുത്തേയ്ക്ക് യാത്രയായി. അതോടെ വീട്ടില്‍ ഫസിയയും ബഷീറും ബാലനും ബാക്കിയായി. വീടിന് മുന്‍വശത്തെ വാതില്‍ താഴിട്ട് ബാലനും ഫസിയയും അകത്തേയ്ക്ക് കയറി. ആ വീടിനുള്ളില്‍ തികച്ചും മൂകത തളംകെട്ടി. പടികളോരോന്നും കയറി ഫസിയ ബഷീറിന്റെ മുറിയിലെത്തി. അപ്പോഴെല്ലാം പുറത്തു നടക്കുന്നത് എന്തെന്നറിയാതെ വീര്‍പ്പു മുട്ടുകയായിരുന്നു ബഷീര്‍. ഫസിയയെ കണ്ട്, നിറഞ്ഞ ഉത്കണ്ഠയോടെ ബഷീര്‍ ചോദിച്ചു.
"എന്താ... മോളെ..? എന്താ അവിടുണ്ടായെ..? ബഷീറിന്റെ ചോദ്യത്തിന്, അയാള്‍ക്കരുകില്‍ ചേര്‍ന്നിരുന്നുകൊണ്ട് അവള്‍ മറുപടി പറഞ്ഞു. അവള്‍ പറഞ്ഞത് എല്ലാം കേട്ടിരുന്ന് അയാള്‍ പറഞ്ഞു.
"മോളെ... ആകെ വിഷമമായല്ലോ..ല്ലെ?? എങ്ങനാ.. എങ്ങനാ ഇത് സംഭവിച്ചേന്ന് പോലീസ്കാര് പറഞ്ഞോ?? അവന്‍ ആത്മഹത്യ ചെയ്തതാണോ മോളെ..?? എന്തായാലും മോളൊരു കാര്യവും ആരോടും പറയരുത്. പ്രത്യേകിച്ച് ഇന്നലെ രാത്രി നടന്ന സംഭവങ്ങള്‍ ഒന്നും. പറഞ്ഞുകൊണ്ടയാള്‍ ഒരു നിമിഷം മൗനം പൂണ്ടു. എന്നിട്ട് അയാള്‍ വീണ്ടും പറഞ്ഞു.
"മോളെ നടന്നതെല്ലാം ഒരു സ്വപ്നം പോലെ കണ്ടു നീ മറക്കണം. ഒരു പക്ഷെ, അമറൂട്ടിയാണിത് ചെയ്തതെങ്കില്‍, അത് നമ്മുക്ക് വേണ്ടിയാകും. ആരും തുണയില്ലാത്ത നമ്മുക്ക് വേണ്ടിയാകും. ഉയിര് പോയാലും അവന്‍റെ പേര് നമ്മള് പറയാനേ പാടില്ല മോളെ... പറയാനേ പാടില്ല..."
ബഷീറിന്‍റെ വാക്കുകള്‍ കേട്ടു ഇല്ലെന്നവള്‍ തലകുലുക്കിയെങ്കിലും അവള്‍ അയാളോട് പതിയെ പറഞ്ഞു.
"ബാപ്പ... ബാപ്പ ബേജാറാവാണ്ടിരി. അമറേട്ടനല്ലിത് ചെയ്തത്. എനിക്കുറപ്പുണ്ട്. കാരണം ഇവനെ കൊല്ലണം എന്നമറേട്ടന്‍ കരുതീട്ടുണ്ടായിരുന്നുവെങ്കില്‍ ഇന്നലെ അവിടെവച്ച് തീര്‍ന്നേനെ അവന്‍... ആ വഴീല്. ഇതിപ്പോള്‍, ഇവന്‍ നാണക്കേട് സഹിക്കവയ്യാഞ്ഞ് മനംനൊന്ത് ചെയ്തതാ... എനിക്കുറപ്പാ ബാപ്പാ... എനിക്കുറപ്പാ..."
ഫസിയയുടെ വാക്ക് കേട്ട് ബഷീറിന്‍റെ ഉള്ള് ചിരിക്കുകയായിരുന്നു. അതിയായ സന്തോഷത്തോടെ കൈകള്‍ ചേര്‍ത്ത് പിടിച്ച് ആകാശത്തിലേയ്ക്ക് നോക്കി പറഞ്ഞു.
"സര്‍വശക്തനായ അള്ളാഹുവേ... എന്‍റെ മോനെ നീ കാത്തുകൊള്ളേണമേ..."
**************
സമയം കുറച്ചേറെക്കഴിഞ്ഞു. സത്യദാസിനെയും കൂട്ടി സെലീനയുടെ കാര്‍ രാജേശ്വരിയുടെ വീടിനു മുന്നില്‍ വന്നു നിന്നു. മുറ്റത്തൊരു വണ്ടി വന്നു നില്‍ക്കുന്ന ഒച്ചകേട്ട് രാജേശ്വരി അടുക്കളയില്‍ നിന്നും ഇറയത്തേയ്ക്കിറങ്ങി. കാറില്‍ നിന്നാദ്യം പുറത്തിറങ്ങിയത് സെലീനയായിരുന്നു. പിന്നാലെ അവളുടെ സഹായികളില്‍ ഒരാളും. അവരെക്കണ്ട് ഇറയത്ത് നിന്നും മുറ്റത്തേയ്ക്കിറങ്ങാന്‍ രാജേശ്വരി പടിയിലേയ്ക്കിറങ്ങുമ്പോള്‍ കാറില്‍ നിന്നും കരഞ്ഞുകൊണ്ട് സത്യദാസ് പുറത്തേയ്ക്കിറങ്ങി. അയാള്‍ക്കൊപ്പം സെലീനയുടെ അടുത്ത സഹായിയും. കരയുന്ന സത്യദാസിനെക്കണ്ട് രാജേശ്വരി ഓടി പടികളിറങ്ങി ചെന്നു. അയാളെ ചെന്ന് പിടിച്ച അവളെ കെട്ടിപ്പിടിച്ച് അയാള് കരയാന്‍ തുടങ്ങി. സത്യദാസ് കരയുന്ന കാരണം എന്തെന്നറിയാതെയിരുന്നിട്ടും അയാള്‍ക്കൊപ്പം അവളും കരയാന്‍ തുടങ്ങി. അപ്പോഴേയ്ക്കും സെലീനയും കൂട്ടാളികളും ഇറയത്തേയ്ക്ക് പ്രവേശിച്ചുകഴിഞ്ഞിരുന്നു. പിന്നാലെ കരഞ്ഞുകൊണ്ട് സത്യദാസും, രാജേശ്വരിയും.
ഇറയത്ത് കയറിയ രാജേശ്വരി കരഞ്ഞുകൊണ്ട് തന്നെ സെലീനയോട് ചോദിച്ചു.
"സെലീന... എന്താ ഉണ്ടായത്... നീയെങ്കിലും ഒന്ന് പറയ് സെലീന.. എന്താ ഉണ്ടായതതെന്ന്..!!??
ഈവിധം കേണപേക്ഷിക്കുന്ന രാജേശ്വരിയുടെ ചോദ്യത്തിനു മുന്നില്‍ മറച്ചുവയ്ക്കാന്‍ അവള്‍ക്കൊന്നും ഉണ്ടായിരുന്നില്ല. ഉള്ളില്‍ ഉറഞ്ഞുകൂടിയ ദുഖത്തോടെ സെലീന രാജേശ്വരിയോട് പറഞ്ഞു.
"നമ്മുടെ മോന്‍.... സത്യരാജ് പോയി... നമ്മളെ വിട്ടവന്‍ പോയെടീ...."
"അയ്യോ.... ഈശ്വരാ... ന്‍റെ മോന്‍..... !!! ന്‍റെ മോനെ. അമ്മേടെ രാജൂട്ടാ....!!!
അവളുടെ നിലവിളി കാറ്റില്‍ പ്രതിധ്വനിച്ചു. അടുക്കളയില്‍ പാചകത്തില്‍ ഏര്‍പ്പെട്ടിരുന്ന ദേവു രാജേശ്വരിയുടെ നിലവിളി കേട്ടു. അവള്‍ തിടുക്കത്തില്‍ അടുക്കള വിട്ട് മുറ്റത്തേയ്ക്കോടി. അപ്പോഴേയ്ക്കും മടിയില്‍ ഒരു മുറവുമായി, തിണ്ണയിലിരുന്ന് കറിയ്ക്കായി എന്തോ അരിയുകയായിരുന്ന വിജയമ്മയും മുറം നിലത്ത് വച്ച് മെല്ലെ എഴുന്നേറ്റു. മുറ്റത്തേയ്ക്ക് പാഞ്ഞുവന്ന് നിന്ന ദേവുവിനെക്കണ്ട് വിജയമ്മ ചോദിച്ചു.
"എവിടുന്നാ മോളെ ആ വിളി.... ആരാ നിലവിളിക്കുന്നത്...???
"രാജേശ്വരിയാ... അമ്മെ..."
വിജയമ്മയോട് അത് പറഞ്ഞുകൊണ്ട്, മറിച്ചൊന്നും ചിന്തിക്കാതെ അവള്‍ രാജേശ്വരിയുടെ വീട് ലക്ഷ്യമാക്കി ഓടി.
(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ